പത്തനംതിട്ട: ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടക്ക് ഏറ്റ നിർണായക തിരിച്ചടിയാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് പത്തനംതിട്ടയിൽ പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്ക്. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിഷലിപ്ത വർഗീയ ദുഷ്പ്രചാരണത്തെയും തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ള ഔദ്യോഗിക ഏജൻസികളുടെ ദുരുപയോഗത്തെയും ഭീഷണികളെയും അതിജീവിച്ചു. ബി.ജെ.പിയുടെ 400 സീറ്റ് ഒരു ദിവാസ്വപ്നമായി മാറി. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ല. എൻ.ഡി.എക്ക് ഭൂരിപക്ഷമുണ്ടാക്കാനാകുമോയെന്ന് കാത്തിരുന്നു കാണണം. സംഘപരിവാർ അജയ്യമാണെന്ന ധാരണ പൊളിഞ്ഞു. വർഗീയ ശക്തികൾക്കെതിരെ തുടർന്നുള്ള പോരാട്ടങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു ഇത്. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്ന ശക്തികളാണ്. എന്നാൽ, യു.ഡി.എഫിനെ കേരളത്തിൽ നിന്നും ജനങ്ങൾ മുഖ്യമായി തെരഞ്ഞെടുത്തു. ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റ് ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയർന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്. എൽ.ഡി.എഫിന് ഉണ്ടായ തിരിച്ചടിയുടെ കാരണം മുന്നണി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. 2019 ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എൽ.ഡി.എഫ്. എന്നാൽ, അതുകഴിഞ്ഞ് വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ തുടർഭരണത്തിൽ എത്താനും കഴിഞ്ഞു.
പത്തനംതിട്ടയിൽ പോൾ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യു.ഡി.എഫ് കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം കുറവായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വീണ്ടും ഉയർന്നു. എന്നാൽ 2019 നേക്കാൾ മൂന്ന് ശതമാനത്തോളം കുറവാണ്. എല്‍ഡി.എഫിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസത്തോളം പ്രവർത്തിച്ച മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോടും നേതാക്കളോടും വോട്ടർമാരോടും നന്ദി പറയുന്നു. എം.പി. ആയില്ലെങ്കിലും മൈഗ്രേഷൻ കോൺക്ലേവിലൂടെ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇവിടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി തുടരും. തെരഞ്ഞെടുപ്പിൽ ജയിച്ച ആന്റോ ആന്റണിക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.