പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിൽ കാഴ്ച പരിമിതര്‍ക്ക് സഞ്ചരിക്കുന്നതിനുവേണ്ടി മാറ്റിയിട്ടിരിക്കുന്ന പാത വീണ്ടും ഒരുക്കി അധികൃതർ. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കാഴ്ച പരിമിതർക്കുവേണ്ടി തയാറാക്കിയിരുന്ന മഞ്ഞ നിറത്തിലുള്ള ടൈല്‍സ് പതിച്ച പാതയായ ‘ബ്രെയ്ലി വേ’യിൽനിന്ന് തടസ്സങ്ങൾ ഒഴിവാക്കി. ഈ പാതയിൽ പ്രവർത്തിച്ചിരുന്ന ജ്യൂസ് കടയും ശൗചാലയത്തിന്റെ കൗണ്ടറും ഒത്തനടുക്കായി സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കാബിനും വെള്ളിയാഴ്ച എടുത്തുമാറ്റി. ‘ബ്രെയ്ലി വേ’യിൽ അധികൃതർതന്നെ തടസ്സങ്ങൾ സൃഷ്ടിച്ചതിൽ വൻ പ്രതിഷേധവും ഉയർന്നിരുന്നു. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് കച്ചവടസ്ഥാപനത്തിന് ലേലം ചെയ്തുകൊടുത്തപ്പോൾ ജില്ലയിലെ പൊലീസ് അധികൃതർ ഇവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ സംഭവത്തിൽ ഭിന്നശേഷി കമീഷണർ ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേശൻ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. ഗുരുതര നിയമലംഘനാമാണിതെന്ന് നോട്ടീസിൽ പറയുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്കനടപടി എടുക്കണം. കാഴ്ച പരിമിതര്‍ക്ക് ജീവനുപോലും വെല്ലുവിളിയാകുന്ന നിർമാണമാണ് പത്തനംതിട്ട സ്റ്റാൻഡിൽ നടന്നിരിക്കുന്നത്. ഭിന്നശേഷി അവകാശത്തോടുള്ള അവഹേളനവും വെല്ലുവിളിയുമായി മാത്രമേ ഇതിനെ കാണാനാകൂവെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
സാധാരണ നിരപ്പിൽനിന്ന് അരയിഞ്ച് ഉയർത്തിയാണ് ടൈൽ പാകി ബ്രെയ്ലി പാത ഒരുക്കുന്നത്. ഈ പ്രത്യേകതരം ടൈലുകൾ പതിച്ച തറയിൽനിന്നുള്ള സ്പർശനത്തിലൂടെയാണ് അവർ മുന്നോട്ട് നീങ്ങുന്നത്. കൈവശമുള്ള വൈറ്റ് കെയ്ൻ എന്ന വടികൊണ്ട് കുത്തി ഈ പാത തിരിച്ചറിയാനാകും. കെ.എസ്.ആർ.ടി.സിയുടെ പുതുതായി പണിത ടെർമിനിലുകളിൽ മിക്കതിലും ബ്രെയ്ലി പാതകളുണ്ട്. പത്തനംതിട്ടയിൽ പൊലീസ് ബൂത്തിന്റെയും കടയുടെയും പണി നടന്നു കൊണ്ടിരിക്കുമ്പോള്‍ പരാതിപ്പെട്ടവരോട് ജില്ല അധികൃതർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. പൊതുജനം ആശ്രയിക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ പ്ലാൻ തയാറാക്കുമ്പോൾതന്നെ അതിൽ ടാക്ടൈലും ഉറപ്പാക്കണമെന്ന് 2016ലെ ഭിന്നശേഷി നിയമത്തിന്റെ 44ാം വകുപ്പിൽ പറയുന്നുണ്ട്. നിയമം ലംഘിച്ചാൽ പതിനായിരം മുതൽ അരലക്ഷം രൂപ വരെയാണ് ശിക്ഷ. വിഷയത്തിൽ സാമൂഹികനീതി മന്ത്രി ആർ. ബിന്ദുവും ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.