കടപ്ര/പത്തനംതിട്ട: വിഷപ്പുക ശ്വസിച്ച് മരണം വരിക്കാൻ തങ്ങളില്ലെന്ന് ഉറപ്പിച്ച് കടപ്ര പഞ്ചായത്തിലെ നാട്ടുകാർ അനിശ്ചിതകാല പോരാട്ടം തുടങ്ങിയിട്ട് മാസങ്ങളായി. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്ലാന്റാണ് കടപ്രയുടെ ജീവിതം മാറ്റിമറിക്കുന്നത്. ഇടതടവില്ലാതെ പുറത്തുവിടുന്ന വിഷപ്പുകയിൽനീറുകയാണ് ഇന്നാട്ടിലെ ജനം. ശ്വാസകോശ രോഗങ്ങൾ ഈ മേഖലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ സാധ്യത വളരെ കൂടുതലാണ്.
ഇത്തരം ഫാക്ടറികൾ ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിക്കരുതെന്ന പരമോന്നത നീതിപീഠത്തിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിൽ ജനനിബിഡമായ പ്രദേശത്ത് 2012 മുതൽ പിരമിഡ് കുറ്റിക്കാട്ട് ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്രവർത്തിക്കുന്നത്.
പട്ടികജാതി ഗോത്ര വർഗ കമീഷൻ സ്ഥലത്ത് സിറ്റിങ് നടത്തി ആവശ്യപ്പെട്ടത് പ്രകാരം ജില്ല മെഡിക്കൽ ഓഫിസർ രണ്ട് മെഡിക്കൽ ക്യാമ്പ് നടത്തുകയും പ്ലാന്റിന്റെ പ്രവർത്തനം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചതായും കണ്ടെത്തിയിരുന്നു.
വേണ്ടത്ര പരിശോധനയില്ലാതെയും പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ഭൂപ്രകൃതിയെ സംബന്ധിച്ച് പഠനം നടത്താതെയുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയത്. ഒരു വലിയ കുന്ന് ഇടിച്ചുനിരത്തി മണ്ണും കല്ലും നീക്കം ചെയ്ത് ഗർത്തത്തിലാണ് പ്ലാന്റ് സ്ഥാപിച്ചത്. മണ്ണും കല്ലും നീക്കം ചെയ്തതിനാൽ ചുറ്റുമുള്ള പ്രദേശങ്ങൾ ഉയർന്ന നിലയിലാണ്. പ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് ഏഴര മീറ്ററായിരുന്നു പ്ലാന്റിന്റെ വിഷപ്പുക തള്ളുന്ന കുഴലിന്റെ ഉയരം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികളുടെ നിരന്തര പരാതിമൂലം പല ഘട്ടങ്ങളിലായി പുകക്കുഴലിന്റെ ഉയരം ഉയർത്തി 40 മീറ്ററോളമാക്കി. കുഴലിന്റെ ഉയരം കൂട്ടിയെങ്കിലും ഇപ്പോഴും മലിനീകരണ തോത് കുറഞ്ഞിട്ടില്ല.
ഇവിടത്തെ ജനജീവിതമിപ്പോൾ ദുസ്സഹമായിരിക്കയാണ്. ദുർഗന്ധം മൂലം വീടുകളുടെ ജനലുകളും കതകുകളും തുറക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ദുസ്സഹമായ ദുർഗന്ധവും വിഷപ്പുകയും ശ്വസിക്കുക വഴി ശ്വാസംമുട്ടൽ, ചുമ, തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും അർബുദവും പ്രദേശ വാസികളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ പ്രദേശത്ത് രോഗങ്ങളുടെ തീവ്രതയും രോഗികളുടെ എണ്ണവും നാൾക്കുനാൾ വർധിച്ചയായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പലരും സ്ഥലം വിറ്റുപോയി. നിരവധി കോളനികൾ, ആരാധനാലയങ്ങൾ, സ്കൂൾ ഇവയെല്ലാം പ്രദേശത്തുണ്ട്. ഗ്രാമീണ അന്തരീക്ഷം നിലനിന്നിരുന്ന കടപ്രയെ മുഴുവൻ പ്ലാന്റ് മലിനമാക്കി. കൊടുംചൂട് സഹിക്കേണ്ടിവരുന്ന ജനതക്ക് പ്ലാന്റിന്റെ മലിനീകരണം ഇരുട്ടടിയായി. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തങ്ങളല്ല നോക്കേണ്ടതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ജില്ല മെഡിക്കൽ ഓഫിസറെ സമീപിക്കാനും അവർ നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് കടപ്രയിലെ ജനങ്ങൾ സംഘടിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയത്. തട്ടക്കാട് ജങ്ഷനിൽ നടക്കുന്ന ജനകീയ സായാഹ്ന സമരം ഇപ്പോൾ 42 ദിവസം പിന്നിട്ടു.
കടപ്ര ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്ലാന്റ് പൂർണമായി പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യമുയർത്തി പ്ലാന്റിലേക്ക് 25ന് ശനിയാഴ്ച ജനകീയ മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കരിയിലമുക്ക് ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. യോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ബിജു കുഴിയുഴത്തിൽ, കൺവീനർ വർഗീസ് ജോർജ്, അഡ്വ. ജെസി സജൻ, ടി. രാജ്കുമാർ, കെ. എം. വർഗീസ് എന്നിവർ പങ്കെടുത്തു
റെഡ് കാറ്റഗറിയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് വളരെ ലളിതമായ മാനദണ്ഡങ്ങളാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചത്. കടപ്രയിലെ പ്ലാന്റ് സ്ഥിരമായ പ്ലാന്റ് ആണെന്നും ഉത്തരവിറക്കി. പിന്നീട് പല പരാതികളും പ്രദേശവാസികൾ നൽകിയെങ്കിലും അധികൃതർ അവയെല്ലാം അവഗണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇളവുപയോഗിച്ച് പ്ലാന്റ് ഉടമ ഹൈകോടതിയിൽ കേസുകൾ നൽകി വിധി അനുകൂലമാക്കുകയും ലൈസൻസ് കരസ്ഥമാക്കുകയുമാണ് ചെയ്യുന്നത്. ജില്ല മെഡിക്കൽ ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം എസ്.സി, എസ്. ടി കമീഷൻ പ്ലാന്റിന് ലൈസൻസ് നൽകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ പ്ലാന്റിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്നുവെന്ന് ഹൈകോടതിയെ അറിയിക്കണമെന്നും കോയിപ്രം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്.
ഇതോടെ രണ്ട് വർഷം പ്ലാന്റ് പ്രവർത്തിച്ചില്ല. എന്നാൽ, 2018ൽ പ്ലാന്റ് ഉടമ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദം ചെലുത്തി വീണ്ടും തുടങ്ങി. അഞ്ചു വർഷത്തേക്ക് പ്രവർത്താനുമതിയും നൽകി. ലൈസൻസ് നൽകാതിരുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ താൽക്കാലികമായി മൂന്നു ദിവസത്തേക്കു മാറ്റി. ആരോഗ്യപ്രശ്നങ്ങൾ ബിറ്റുമിൻ പ്ലാന്റ് മൂലമാണെന്ന് തെളിയിക്കാൻ പറ്റിയിട്ടില്ലെന്ന് എഴുതിച്ചു. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം നിരാക്ഷേപപത്രം അതൊരു മുന്നറിയിപ്പും കൂടാതെ പിൻവലിക്കുന്നതാണെന്ന് ഡി.എം.ഒയും അറിയിച്ചു. ഒടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകി. അങ്ങനെ പ്ലാന്റ് വീണ്ടും തുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.