പന്തളം: പരസ്യപ്രചാരണം ബുധനാഴ്ച അവസാനിക്കാനിരിക്കെ നാടും നഗരവും ഇളക്കിമറിച്ച് മുന്നണികളുടെ പ്രചാരണം. കളം കൊഴുപ്പിച്ച് സ്ഥാനാർഥികളും പ്രവർത്തകരും. എം.സി റോഡിലും ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടിമുടിയിലേക്ക്. സ്വീകരണ പരിപാടികൾ അവസാനിച്ച മുന്നണികൾ സ്ക്വാഡ് പ്രവർത്തനങ്ങളിലും കുടുംബയോഗങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജില്ല അതിർത്തി പങ്കിടുന്ന ഐരാണിക്കുഴി പാലം, പൂഴിക്കാട്, തോട്ടുകണ്ടം പാലം തുടങ്ങിയ സ്ഥലങ്ങളിൽ പത്തനംതിട്ട പാർലമെന്റിന്റെയും മാവേലിക്കര പാർലമെന്റിന്റെയും സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങളുടെ തിരക്കാണ്. ഇരുമണ്ഡലം പങ്കിടുന്ന പ്രദേശത്തും സ്ക്വാഡ് പ്രവർത്തനം സജീവമാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ പ്രചാരണം അവസാനഘട്ടത്തിൽ ഡിജിറ്റൽ രീതിയിലാക്കിയിരിക്കുകയാണ്. വാഹനത്തിൽ പ്രത്യേകം തയാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ ലോകത്തിലെ വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ദൃശ്യമാധ്യമ പ്രവർത്തകർ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകളുടെ സന്ദേശങ്ങൾ തോമസ് ഐസക്കിനായി ഡിജിറ്റൽ വാഹനത്തിൽനിന്ന് വോട്ട് അഭ്യർഥിക്കുന്നുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ പ്രചരണാർഥം മെഡിക്കൽ മെഷീൻ ജങ്ഷനിൽനിന്ന് പന്തളം മണികണ്ഠൻ ആൽത്തറ ജങ്ഷൻവരെ ബൈക്ക് റാലി സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പത്തോളം കുടുംബയോഗങ്ങൾ പന്തളത്ത് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.