പത്തനംതിട്ട: വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് സമൂഹ വിവാഹത്തിനായി യോഗ്യരായ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമൂഹ വിവാഹം 2025 ഒക്ടോബർ രണ്ടിന് കോട്ടയത്ത് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തുനിന്ന് നിർധനരായ 25 പേരെയാണ് തെരഞ്ഞെടുക്കുന്നത്.
വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷ്യൻ സേവനങ്ങൾ, ഓഡിറ്റോറിയം വാടക, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, ക്യാഷ് ഗിഫ്റ്റ് എന്നിവയെല്ലാം പ്രൊവിൻസ് സംഘടിപ്പിച്ചിട്ടുണ്ട്.
അപേക്ഷകൾ വേൾഡ് മലയാളി കൗൺസിൽ, പി.ഒ ബോക്സ് നമ്പർ: 1, ഓതറ പി.ഒ, തിരുവല്ല ,കേരള 689546 എന്ന വിലാസത്തിൽ 2025 ജൂലൈ 31 നു മുമ്പ് ലഭിക്കണം. വിവാഹത്തിനുള്ള അപേക്ഷയോടൊപ്പം വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, വിവാഹം നടത്തുവാൻ താൽപര്യമുള്ള വധു വരന്മാരുടെ പഞ്ചായത്തിൽനിന്നുമുള്ള ശിപാർശ കത്ത് എന്നിവ സമർപ്പിക്കണം.
സമ്മതപത്രം, രേഖകളുടെ നിജസ്ഥിതി ഉറപ്പാക്കിയ ശേഷം അർഹരായ യുവതീ യുവാക്കളെ ചടങ്ങിലേക്ക് പ്രൊവിൻസ് തിരഞ്ഞെടുക്കും. വിശദ വിവരങ്ങൾക്ക് worldmalayaleepp@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് നൈനാൻ മത്തായി, അമേരിക്കൻ റീജൻ പ്രസിഡന്റ് ജോൺസൺ തലചെല്ലൂർ, ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഗോപാലപിള്ള, പ്രസാദ് കുഴിക്കാല, ആൻസി, ശാന്ത പിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.