പത്തനംതിട്ട: പ്രചാരണം മുറുകുമ്പോൾ കാമ്പസുകളിലെ എസ്.എഫ്.ഐ അതിക്രമത്തെച്ചൊല്ലി വെല്ലുവിളിച്ചും ഏറ്റുമുട്ടിയും എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കും യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയും. തർക്കത്തിൽ ആന്റോ ആന്റണിയെ പരിഹസിച്ച് തിങ്കളാഴ്ച മന്ത്രി വീണ ജോർജും രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്. പൂക്കോട് സംഭവം പ്രചാരണത്തിൽ മുഖ്യവിഷയമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിൽ ആന്റോ ആന്റണി വിഷയം എടുത്തിട്ടത്. എസ്.എഫ്.ഐ നടത്തുന്ന ക്രൂരതകളെ തള്ളിപ്പറയാൻ പത്തനംതിട്ടയിലെ സ്ഥാനാർഥി തോമസ് ഐസക്ക, തയാറുണ്ടോയെന്നായിരുന്നു ആന്റോ ആന്റണിയുടെ ചോദ്യം.
സിദ്ധാർഥനെ വെറ്ററിനറി കോളജിൽ രക്തസാക്ഷിയാക്കി. കേരള സർവകലാശാലയിൽ കലോത്സവം കലാപോത്സവമാക്കി. വിധികർത്താവായ അധ്യാപകന്റെ ജീവനെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും എസ്.എഫ്.ഐയുടെ നയങ്ങളെ തള്ളിപ്പറയാൻ സി.പി.എം നേതാക്കൾ തയാറുണ്ടോയെന്ന് ആന്റോ ആന്റണി ചോദിച്ചു.
കാമ്പസുകളിൽ ഇന്നേവരെ മൂന്ന് ഡസനോളം എസ്.എഫ്.ഐ പ്രവർത്തകർ കലാപക്കത്തിക്ക് ഇരയായിട്ടുണ്ടെന്ന് പറഞ്ഞാണ് തോമസ് ഐസക് ആന്റോ ആന്റണിയുടെ ആരോപണങ്ങളെ ചെറുത്തത്. കെ.എസ്.യുക്കാരായ ആരെങ്കിലും കോളജ് കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നും ഐസക് ചോദിച്ചു. ഇതിന് കൃത്യമായി ഉത്തരം നൽകാൻ കഴിയാതിരുന്ന ആന്റോ ആന്റണി അടുത്ത ദിവസം തന്നെ ഇതിന്റെ വിവരങ്ങളുമായി എത്തുമെന്ന് ഉറപ്പുനൽകിയാണ് ചർച്ച അവസാനിപ്പിച്ചത്. ഉറപ്പു നൽകി മുങ്ങിയ ആന്റോ ആന്റണിയെ ട്രോളി മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഇതിന് പിന്നാലെ ആന്റോ ആന്റണി പ്രസ്താവനയുമായും രംഗത്തെത്തി.
ആലപ്പുഴ നഗരത്തിലെ ഒരു സ്കൂളിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിയെപ്പോലും സ്കൂളിലിട്ട് കൊന്ന ചരിത്രമുണ്ട്, എഴുപതുകളുടെ മധ്യത്തിലെ എസ്.എഫ്.ഐക്ക്. ‘80കളിൽ തൃശൂരിലെ ഫ്രാൻസിസ് കരിപ്പയെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടകൾ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലെ ഗോവിന്ദനും ആലപ്പുഴയിലെ പത്മരാജനും തുടങ്ങി മട്ടന്നൂരിൽ ഷുഹൈബും പെരിയയിലെ കൃപേഷും ശരത് ലാലും വരെ കെ.എസ്.യു സംഘടന പ്രവർത്തനത്തിന്റെ പേരിൽ എസ്.എഫ്.ഐക്ക് വേണ്ടി കൊട്ടേഷൻ സംഘത്തിനാൽ കൊല്ലപ്പെട്ടവരാണെന്നും ആന്റോ ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.