കോന്നി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഈ മാസം 24ന് മുഖ്യമന്ത്രി സന്ദർശിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മെഡിക്കൽ കോളജിലെത്തിയ എം.എൽ.എ നിർമാണ പുരോഗതി വിലയിരുത്തി. മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി എം.എൽ.എ അറിയിച്ചു.
കിഫ്ബിയിൽനിന്ന് അനുവദിച്ച 352 കോടിയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. രണ്ടാംഘട്ടത്തിൽ പ്രധാനമായും 200 കിടക്കയുള്ള പുതിയ ആശുപത്രി കെട്ടിടമാണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ 300 കിടക്കയുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും.
അതോടെ 500 കിടക്കയുള്ള ആശുപത്രിയായി മെഡിക്കൽ കോളജ് മാറും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ നിർമാണവും നടക്കുന്നുണ്ട്. ജൂണിൽ പ്രവേശനം സാധ്യമാക്കത്തക്ക നിലയിൽ വേഗത്തിലാണ് പ്രവൃത്തി നടക്കുന്നത്. ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് ആറും നിലയുള്ള ഹോസ്റ്റലാണ് പൂർത്തിയാകുന്നത്.
ജീവനക്കാർക്കുള്ള 11 നില ഫ്ലാറ്റ് നിർമാണവും അവസാനഘട്ടത്തിലാണ്. നാല് ടവറുകളായാണ് ഫ്ലാറ്റ് നിർമിക്കുന്നത്. 160 ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും താമസ സൗകര്യമുണ്ടായിരിക്കും. ലോൺട്രി ബ്ലോക്ക് നിർമാണവും 80 ശതമാനം പൂർത്തിയായി. മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, മോർച്ചറി, 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പ്രിൻസിപ്പലിന് താമസിക്കാനുള്ള ഡീൻ വില്ല എന്നിവയും രണ്ടാംഘട്ടത്തിൽ നിർമിക്കുന്നുണ്ട്.
നിലവിലെ ആശുപത്രി കെട്ടിടത്തിൽ ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപറേഷൻ തിയറ്റർ, ഡെലിവറി റൂം, വാർഡ് തുടങ്ങിയവ ആധുനികരീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എൻ.എച്ച്.എമ്മിൽനിന്ന് 3.3 കോടി ചെലവഴിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസാണ് നിർമാണം നടത്തിയത്.
പീഡിയാട്രിക് ഐ.സി.യു നിർമാണം പൂർത്തീകരിച്ചു. എൽ.എച്ച്.എം ഫണ്ടിൽനിന്ന് 16 ലക്ഷം ഉപയോഗിച്ച് എച്ച്.എൽ.എല്ലാണ് നിർമാണം പൂർത്തിയാക്കിയത്. സർജിക്കൽ ഐ.സി.യുവിന്റെ ഇന്റീരിയൽ വർക്ക് പൂർത്തിയാക്കാൻ കെ.എം.എസ്.സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ഐ.സി.യു നിർമാണവും കെ.എം.എസ്.സിലാണ് നടത്തുന്നത്.
അഞ്ച് മോഡുലാർ ഓപറേഷൻ തിയറ്ററുകൾ കെ.എം.എസ്.സിലാണ് നിർമിക്കുന്നത്. 50 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും സ്റ്റെയിൻലെസ് സ്റ്റീൽ പാനൽ എത്തിച്ചേരാനുണ്ട്. ശേഷം ഒ.ടി ഇന്റഗ്രേഷൻ കൂടി പൂർത്തിയാക്കിയാൽ ഓപറേഷൻ തിയറ്റർ പ്രവർത്തനസജ്ജമാകും.
മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമാണം 90 ശതമാനവും പൂർത്തിയായി. ഓക്സിജൻ പ്ലാന്റിൽനിന്ന് പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ ഓപറേഷൽ തിയറ്ററിലും മറ്റും എത്തിക്കുന്നത്.
മോഡുലാർ രക്തബാങ്ക് നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. രക്തബാങ്കിനുള്ള എൻ.ഒ.സി ലഭ്യമായി. ലൈസൻസ് ലഭ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്. കേരള ഡ്രഗ് കൺട്രോളർ ഓഫിസിൽനിന്നാണ് ലൈസൻസ് ലഭിക്കേണ്ടത്. കിഫ്ബിയിൽനിന്ന് 1.28 കോടിയുടെ ഉപകരണങ്ങളാണ് മോഡുലാർ രക്തബാങ്കിൽ സ്ഥാപിക്കുന്നത്. രക്തത്തിൽനിന്ന് ഘടകങ്ങൾ വേർതിരിക്കാൻ 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസർ ഉൾപ്പെടെ 22 ഉപകരണങ്ങളാണ് കിഫ്ബി ധനസഹായത്തിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷന് സപ്ലൈ ഓർഡർ നൽകിയത്.
രക്തം ശേഖരിക്കാനുള്ള ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. സശെപ്ല ഓർഡർ നൽകിയ 22 ഉപകരണങ്ങളിൽ മൾട്ടി ഫങ്ഷനൽ കൗച്ച് മൂന്ന് എണ്ണം ലഭ്യമായിട്ടുണ്ട്. ക്രോസ് മാച്ച് ചെയ്യാനുള്ള ജെൽ കാർഡ് സെൻട്രി ഫ്യൂജ് രണ്ടെണ്ണവും ബ്ലഡ് എടുക്കാൻ ഉപയോഗിക്കുന്ന ബ്ലഡ് കലക്ഷൻ മോണിറ്റേഴ്സ് മൂന്നെണ്ണവും കമ്പനികൾ എത്തിച്ചു നൽകി. മറ്റു കമ്പനികളും ഉപകരണങ്ങൾ ഉടൻ എത്തിച്ചു നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഫെഡറൽ ബാങ്ക് 8.5 ലക്ഷം രൂപയുടെ സഹായം നൽകിയിട്ടുണ്ട്. ഉപകരണങ്ങൾ ലഭ്യമായാൽ ഉടൻ ലൈസൻസ് ലഭ്യമാക്കാൻ കഴിയും. ഒരു മാസത്തിനുള്ളിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
സി.ടി സ്കാൻ പൂർണ പ്രവർത്തനസജ്ജമായി. അഞ്ച് കോടി ചെലവഴിച്ചാണ് ജി.ഇ ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി.ടി സ്കാൻ സംവിധാനം മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയത്. ഇതോടെ രോഗനിർണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും. സി.ടി സ്കാൻ മുറി, സി.ടി. പ്രിപറേഷൻ മുറി, സി.ടി കൺസോൾ, സി.ടി. റിപ്പോർട്ടിങ് മുറി, റേഡിയോളജി സ്റ്റോർ മുറി, യു.പി.എസ് മുറി, ഡോക്ടർമാർക്കും നഴ്സിങ് ഓഫിസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
നിർമാണം കൂടുതൽ ഊർജിതമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മെഡിക്കൽ കോളജിനെ വേഗത്തിൽ പൂർണ സജ്ജമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം പ്രിൻസിപ്പൽ ഡോ. മെറിയം വർക്കി, സൂപ്രണ്ട് ഇൻചാർജ് ഡോ. ഷാജി അങ്കൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. റൂബി മേരി പയസ്, എച്ച്.എൽ.എൽ സീനിയർ മാനേജർ രതീഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.