കോന്നി: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിനുമുമ്പ് തന്നെ കോന്നി മെഡിക്കൽ കോളജിലെ റോഡ് നിർമാണം പൂർത്തിയാക്കാൻ അടിയന്തര നിർദേശം. ഏപ്രിൽ 24നാണ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മെഡിക്കൽ കോളജിലെത്തുന്നത്.
നിലവിലെ പ്രധാന പാതയുടെ ടാറിങ് അവസാനിക്കുന്നിടം മുതൽ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക് ബ്ലോക്ക് വരെയുള്ള 400 മീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദേശം നൽകി. 10 മീറ്റർ വീതിയിൽ രണ്ടുവരി പാതയായാണ് റോഡ് നിർമിക്കുന്നത്.
നിലവിലെ റോഡ് ജി.എസ്.പി, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് 20 ഇഞ്ച് ഉയർത്തും. ഓടയും നിർമിക്കും. തുടർന്ന് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമിക്കും. കിഫ്ബിയിൽനിന്ന് ലഭ്യമായ 3.5 കോടിയാണ് ഉപയോഗിക്കുന്നത്.
റോഡ് നിർമാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നവർക്കും മെഡിക്കൽ വിദ്യാർഥികൾക്കും കാമ്പസിൽ സുഗമമായ യാത്രാസൗകര്യം ലഭിക്കും. കൂടുതൽ പാർക്കിങ് സൗകര്യവും കിട്ടും.
ആശുപത്രിക്കും അക്കാദമിക് ബ്ലോക്കിനും മധ്യത്തിലുള്ള ഏരിയ ഉദ്ഘാടന സമ്മേളനത്തിനായി സജ്ജമാക്കും. ആദ്യമായി മുഖ്യമന്ത്രി മെഡിക്കൽ കോളജിലെത്തുമ്പോൾ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും തുടങ്ങിയതായി എം.എൽ.എ പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. മെറിയം വർക്കി, സൂപ്രണ്ട് ഇൻചാർജ് ഡോ. ഷാജി അങ്കൻ, എച്ച്.എൽ.എൽ സീനിയർ പ്രോജക്ട് മാനേജർ രതീഷ് കുമാർ, ജഥൻ കൺസ്ട്രക്ഷൻ സീനിയർ പ്രോജക്ട് മാനേജർ ബി. ജീവ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.