മല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാത്തത് കാൽനടക്കാർക്ക് ദുരിതമാകുന്നു. ഈ ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെല്ലാം വഴിവിളക്ക് പ്രകാശിപ്പിച്ചിട്ടും പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ ചുങ്കപ്പാറ-ആലപ്രക്കാട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ മാത്രമാണ് വഴിവിളക്കില്ലാത്ത പ്രദേശം. മറ്റ് വാർഡുകൾ തുടങ്ങുന്ന ഭാഗങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യ ആകുമ്പോൾ തന്നെ ഇരുട്ടിൽ മൂടുന്ന അവസ്ഥയാണ്. വഞ്ചികപ്പാറ, ആലപ്രക്കാട് പ്രദേശങ്ങളിലേക്കുള്ള നിരവധി കാൽനടക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യവും പ്രദേശത്ത് ഏറി വരുകയാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധിയുടെയും ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.