പത്തനംതിട്ട: കുമ്പഴയിൽ നഗരസഭയുടെ എൻ.യു.എച്ച്.എം ആശുപത്രിയുടെ ഉദ്ഘാടന വേദിയിൽ സംഘർഷം. ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ചെയർപേഴ്സണും ചില ഭരണകക്ഷി കൗൺസിലർമാർക്കും പരിക്ക് പറ്റി. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതായി ആരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ഉദ്ഘാടനം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഇത് യു.ഡി.എഫ് - എൽ. ഡി. എഫ് പ്രവർത്തകർ തമ്മിലെ വാക്കേറ്റത്തിനും ഉന്തിനും തള്ളിനും അസഭ്യവർഷത്തിനും കാരണമായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വേദിയിൽ കെട്ടിയിരുന്ന ബാനർ പ്രതിഷേധക്കാർ നശിപ്പിച്ചു. കസേരകൾ വലിച്ചെറിഞ്ഞും ബഹളം കൂട്ടി. ഇതിനിടെ ഉദ്ഘാടനത്തിന് കൊണ്ടുവന്ന നിലവിളക്ക് എൽ.ഡി.എഫ് പ്രവർത്തകർ താഴെ മറിച്ചിട്ടശേഷം എടുത്തു കൊണ്ടുപോയി. പിന്നീട് മെഴുകുതിരി കത്തിച്ച് ഭരണകക്ഷി അംഗങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ബഹളത്തിനിടെ ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ് വേദിയിൽ കുഴഞ്ഞു വീണു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈസ് ചെയർമാൻ എ. സഗീർ, കൗൺസിലർമാരായ കെ. ജാസിംകുട്ടി, സിന്ധു അനിൽ എന്നിവർക്കും ബഹളത്തിനിടെ പരിക്കേറ്റു. ബഹളത്തെ തുടർന്ന് പത്തനംതിട്ടയിൽ നിന്ന് കൂടുതൽ പൊലീസും എത്തി. എന്നാൽ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
എൽ.ഡി. എഫ് നേതാക്കളായ അഡ്വ. ടി. സക്കീർ ഹുസൈൻ, പി.കെ. അനീഷ്, അമൃതം ഗോകുലൻ, പി.വി അശോക് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ എത്തിയത്. കുമ്പഴ മാർക്കറ്റിന് സമീപമായാണ് പുതിയ കെട്ടിടം നഗരസഭ ചെലവിൽ പണിതത്. 45 ലക്ഷം രൂപാ മുടക്കിയാണ് ഇരുനില കെട്ടിടം നിർമ്മിച്ചത്. ലബോറട്ടറി, ഫാർമസി, സ്റ്റോർ, ഓഫീസ് എന്നീ സൗകര്യങ്ങളുണ്ട്. വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.
ഉദ്ഘാടനം റോസ്ലിൻ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ എ. സഗീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. ജാസിംകുട്ടി, സിന്ധു അനിൽ , കെ. ആർ. അരവിന്ദാക്ഷൻ നായർ, അഡ്വ. റോഷൻ നായർ, രജനീ പ്രദീപ്, സജിനി മോഹൻ, അംബിക വേണു, സുശീല പുഷ്പൻ, ആമിന ഹൈദരാലി, ദീപു ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിൽ കഴിയുന്ന ചെയർപേഴ്സണെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന നേതാവ് ലതിക സുഭാഷ്, ആേൻറാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് എന്നിവർ സന്ദർശിച്ചു. എൽ.ഡി. എഫ്അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.