നാട്ടുകാർ ടിപ്പർ ലോറി അടിച്ചുതകർത്തു
അടൂർ: അനധികൃത മണ്ണെടുപ്പ് തടയാൻ നാട്ടുകാർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തടയാൻ ശ്രമിച്ചവരെ ലോറിയിടിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാർ ടിപ്പർ ലോറി അടിച്ചുതകർത്തു. ഏഴംകുളം പഞ്ചായത്ത് മൂന്നാം വാർഡ് തൊടുവക്കാട് വേളമുരുപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
മുരുപ്പിന്റെ ഒരുവശത്തെ അഞ്ചരയേക്കറിൽനിന്നാണ് നിർബാധം മണ്ണു കടത്തുന്നത്. പാസും പെർമിറ്റുമുണ്ടെന്ന പേരിൽ കഴിഞ്ഞ തിങ്കൾ മുതൽ ബുധൻ വരെ തുടർച്ചയായി മണ്ണു കടത്തിയിരുന്നു. വീട് നിർമാണത്തിന് 10 ലോഡ് മണ്ണ് എടുത്തു മാറ്റാനായിരുന്നു അനുവാദം. ഇതു കൊണ്ടുപോകാൾ പെര്‍മിറ്റ് ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാവിലെ രാവിലെ ആറു മുതൽ വീണ്ടും മണ്ണെടുപ്പ് തുടങ്ങിയത് അറിഞ്ഞ് സി.പി.എം നേതാക്കൾ സ്ഥലത്തെത്തി. ബൂത്ത് സെക്രട്ടറി സുജനകുമാറിന്റെ നേതൃത്വത്തിൽ അനുമതിപത്രം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തയാറായില്ല. മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ, സുജനകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു നേതാവുമായ മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു.
വാഹനത്തിന്റെ മുന്നിൽ നിന്ന സുജനകുമാറിനെ വണ്ടി കയറ്റിക്കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മണികണ്ഠൻ എന്ന ലോറിയുടെ മുന്നിലെ ചില്ല് നാട്ടുകാർ എറിഞ്ഞുതകര്‍ത്തു.
വിവരമറിഞ്ഞ് അടൂർ പൊലീസ് സ്ഥലത്തെത്തി നാലു ടിപ്പർ ലോറിയും ഹിറ്റാച്ചിയും കസ്റ്റഡിയിൽ എടുത്തു.
പൊലീസും മണ്ണുമാഫിയയും തമ്മിൽ അവിശുദ്ധബന്ധം നിലനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അടൂർ സ്റ്റേഷനിലെ ഉന്നതനാണ് ഇതിനു പിന്നിൽ എന്നുമാണ് ആരോപണം. അടൂർ പൊലീസാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
ഏഴംകുളം തൊടുവക്കാട്, ജിബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മണ്ണെടുപ്പ്. ഉൾപ്രദേശമായതിനാൽ പൊലീസിന്റേയോ മറ്റ് അധികാരികളുടെയോ കണ്ണിൽപ്പെടാതെയാണ് മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്. വാഹനങ്ങൾ കലക്ടർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.