പത്തനംതിട്ട: കുട്ടികളെയടക്കം മർദിച്ച് ബാധയൊഴിപ്പിക്കുന്ന മലയാലപ്പുഴയിലെ ആക്രമണകാരിയായ വിവാദ മന്ത്രവാദിനിക്ക് ഉപാധികളോടെ കോടതി ജാമ്യം ലഭിച്ചത് തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനെ തുടർന്നെന്ന് ആക്ഷേപം. മന്ത്രവാദിനിക്ക് ജാമ്യം കിട്ടിയതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. മന്ത്രവാദിനിക്കെതിരായ പരാതികളുടെ വിവരങ്ങൾ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി പരാതികളും വൻ യുവജനപ്രക്ഷോഭത്തെയും തുടർന്ന് അറസ്റ്റിലായ മലയാലപ്പുഴ വാസന്തി അമ്മ മഠം ശോഭന തിലക്, സഹായിയും ഭർത്താവുമായ ഉണ്ണികൃഷ്ണൻ എന്നിവർക്ക് കഴിഞ്ഞദിവസം ജില്ല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. രണ്ടര വയസ്സുള്ള കുട്ടിയെ നായെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചു എന്നതടക്കം പരാതികൾ മലയാലപ്പുഴ സ്റ്റേഷനിൽ നിലവിലുണ്ട്. ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകിയെങ്കിലും രണ്ടുപേർ വന്ന് പോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. കലക്ടർക്ക് പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. നാട്ടുകാർക്ക് നേരെ സ്ഥിരമായി അസഭ്യവർഷവും ഇവരുടെ പതിവാണ്. ഈ പരാതികൾ ഒന്നും പൊലീസ് കോടതിയെ അറിയിച്ചില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിക്കുകയും ആഭിചാര വൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തതിന് കടുത്ത ശിക്ഷ ലഭിക്കാവുന്നതാണ്.
അതേസമയം മുമ്പ് മന്ത്രവാദിനി പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം ചെയ്യുന്നതും ബാധ ഒഴിപ്പിക്കാൻ മർദിക്കുന്നതുമായ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അസഭ്യം പറഞ്ഞുകൊണ്ടാണ് മന്ത്രവാദ ചടങ്ങുകൾ നടക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റിലേക്ക് നീങ്ങേണ്ടതുണ്ട്. ഇവർക്കെതിരായ പരാതികളിൽ ലോക്കൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.