പത്തനംതിട്ട: ജില്ല ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിരവധി നിർദേശങ്ങളടങ്ങുന്ന നാല് വിശദ നഗരാസൂത്രണ പദ്ധതികൾക്ക് പത്തനംതിട്ട നഗരസഭ കൗൺസിൽ അംഗീകാരം നൽകി. സെൻട്രൽ മേഖല, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും പരിസരവും, കണ്ണങ്കര എന്നിവയാണ് നാല് സ്കീമുകൾ. നഗരകേന്ദ്രത്തിലെ ഗതാഗത കുരുക്കിന് പരിഹാരമുൾപ്പെടെ നിരവധി വിനോദ വിശ്രമ ഉപാധികളാണ് വിശദ നഗരാസൂത്രണ പദ്ധതികളിൽ നിർദ്ദേശിച്ചിട്ടുള്ളത്.
പുതിയ സ്കീമുകൾ പ്രസിദ്ധീകരിക്കുന്നതോടെ ഭൂവിനിയോഗത്തിൽ വലിയ ഇളവുകളാണ് ഉടമകൾക്ക് ലഭിക്കുന്നത്. നാളിതുവരെ കെട്ടിട നിർമാണങ്ങൾക്കായി ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. ഗതാഗത കുരുക്കിന് ഇടയാക്കുന്ന സെൻട്രൽ ജങ്ഷനിലെ പഴയ നഗരസഭ കെട്ടിടം നീക്കം ചെയ്ത് ജില്ല ആസ്ഥാന കേന്ദ്രം എന്ന നിലയിൽ മനോഹരവും ആകർഷണീയവും ആയ കേന്ദ്ര ചത്വരം നിർമിക്കാനാണ് നിർദ്ദേശം. 1984ലാണ് ഏറ്റവും അവസാനമായി നഗരാസൂത്രണ പദ്ധതികൾ പ്രസിദ്ധീകരിച്ചത്. നഗരത്തിലെ ഭൂവിനിയോഗത്തിന് നിലവിലെ സ്കീമുകൾ തടസ്സമാണെന്ന വിമർശനം വ്യാപകമായതിനെ തുടർന്നാണ് മാസ്റ്റർ പ്ലാൻ പുതുക്കാൻ തീരുമാനമായത്. കഴിഞ്ഞ 15 വർഷങ്ങളായി തുടരുന്നതാണ് മാസ്റ്റർ പ്ലാൻ പുതുക്കൽ പ്രക്രിയ. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് നാല് സ്കീമുകൾ പ്രസിദ്ധീകരിക്കാൻ വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചത്.
പത്തനംതിട്ട നഗരത്തെ 30 വർഷക്കാലം മുമ്പിൽ കണ്ടുള്ള നിർദ്ദേശങ്ങളാണ് നഗരസഭാ കൗൺസിലിനുവേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗം തയ്യാറാക്കിയിട്ടുള്ളതന്ന് ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു.
ജില്ല ടൗൺ പ്ലാനർ ജി. അരുൺ, നിമ്മി കുര്യൻ, ആർ. അനീഷ്, എം. വിഷ്ണു എന്നിവർ പദ്ധതികളുടെ വിശദാംശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു. വിശദ ചർച്ചക്കുശേഷം പദ്ധതികൾ പ്രസിദ്ധീകരിക്കുന്നതിന് കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.
എല്ലാം ഉപയോഗപ്രദം
ആവശ്യമായ പാർക്കിങ്, കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ, വഴിയോരക്കച്ചവടക്കാർക്കായുള്ള ആസൂത്രിത ഇടങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സെൻട്രൽ സ്ക്വയർ നിർമിക്കുക. പ്രധാന ഗതാഗത ടെർമിനലുകളായ കെ.എസ്.ആർ.ടി.സി, മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നിവക്കിടയിലുള്ള ഉപയോഗശൂന്യമായ പ്രദേശങ്ങൾ, ഓട്ടോ ടാക്സി സ്റ്റാന്റുകൾ, ഇൻഫർമേഷൻ കിയോസ്കുകൾ, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ, ഇന്റർസ്റ്റേറ്റ് ബസുകൾക്കുള്ള പ്രത്യേക സ്ഥലം, മൾട്ടിലെവൽ കാർ പാർക്കിങ്, ഹാപ്പിനസ് പാർക്ക്, ആസൂത്രിത വഴിയോര കച്ചവട മേഖലകൾ എന്നിവ ഉൾപ്പെടുത്തി വികസിപ്പിക്കാൻ നിർദേശമുണ്ട്. പഴയ നഗരസഭ ബസ്സ്റ്റാൻഡിൽ മൂന്ന് നിലയിലായുള്ള പാർക്കിങ് കെട്ടിടത്തോടൊപ്പം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം, ഓട്ടോറിക്ഷ ടാക്സി സ്റ്റാൻഡ്, ചുമട്ടുതൊഴിലാളികൾക്കും ഡ്രൈവർമാർക്കും പ്രത്യേക വിശ്രമസ്ഥലം, പൊതുജനങ്ങൾക്കുള്ള വിശ്രമ സൗകര്യങ്ങൾ, ഇലക്ട്രിക് വാഹനചാർജിങ് സംവിധാനം, നടപ്പാതകൾ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള സൗഹൃദ ഡിസൈൻ എന്നിവ അടങ്ങിയ പദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.