പത്തനംതിട്ട: വിദ്യാർഥികളിൽനിന്ന് പിരിവുകൾ പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പേരിൽ അനധികൃത പിരിവെന്ന് ആക്ഷേപം.
വയനാട് ദുരന്തത്തിന്റെ പേരുപറഞ്ഞ് സ്കൗട്ട് ചാർജുള്ള അധ്യാപകർ 1000 രൂപയും വിദ്യാർഥികളിൽനിന്ന് 100 രൂപയും കഴിഞ്ഞ മാസം പിരിച്ചെടുത്തിരുന്നു. ഇതിനു പുറമെയുള്ള പുതിയ പിരിവിനെതിരെ ജില്ലയിലെ അധ്യാപകരിലും രക്ഷിതാക്കളിലും കടുത്ത പ്രതിഷേധമുണ്ട്.
ജില്ല കലോത്സവ നടത്തിപ്പിന് ഒമ്പതു മുതൽ 12ാം ക്ലാസുവരെ വിദ്യാർഥികളിൽനിന്ന് 100ഉം അധ്യാപകരിൽനിന്ന് 400 രൂപയും അടുത്ത മാസം പിരിക്കാൻ ജില്ലതലത്തിൽ സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ പുതിയ പിരിവിന് ആര് തീരുമാനിച്ചെന്ന് വിശദീകരിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർ വിസമ്മതിക്കുകയാണ്.
വിദ്യാഭ്യാസ ജില്ല ഓഫിസുകൾ വഴിയാണ് കൂപ്പണുകൾ സ്കൂളുകളിൽ എത്തിച്ചിരിക്കുന്നത്. അനധികൃത പിരിവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) രംഗത്തുവന്നിട്ടുണ്ട്. പണം പിരിക്കാൻ ഏത് സമിതിയിലാണ് തീരുമാനമായതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കണമെന്നും തുടർ നടപടിക്കായി ബാലവാകാശ കമീഷനെ സമീപിക്കുമെന്നും ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്.പ്രേം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.