സീതത്തോട് സഹകരണ ബാങ്ക്വീണ്ടും സി.പി.എം ഭരണത്തിലേക്ക്

വടശ്ശേരിക്കര: സീതത്തോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം സ്ഥാനാർഥികൾ ജയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ കനത്ത പൊലീസ് കാവലിലായിരുന്നു നടപടികൾ. വർഷങ്ങളായി സി.പി.എമ്മാണ് ബാങ്ക് ഭരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഏറെക്കാലമായി സഹകരണ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ വിവാദമുയർത്തിയ സാഹചര്യത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് സി.പി.എമ്മിന് അഭിമാന പോരാട്ടമായിരുന്നു. കോൺഗ്രസ് ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ സി.പി.ഐകൂടി ഉൾപ്പെട്ടതായിരുന്നു ഇതുവരെയുള്ള ഭരണസമിതികളെല്ലാം. ഇത്തവണ പത്രിക നൽകിയ മുഴുവൻ സി.പി.ഐ സ്ഥാനാർഥികളുടെയും നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയിരുന്നു.

വോട്ടെടുപ്പിനിടെ അക്രമം; യു.ഡി.എഫ് ബഹിഷ്കരിച്ചു

വടശ്ശേരിക്കര: സീതത്തോട് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിനിടെ അക്രമം. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മർദനമേറ്റ യു.ഡി.എഫ് പ്രവർത്തകനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിനെ ചൊല്ലി ഏതാനും ദിവസമായി സീതത്തോട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. കനത്ത പൊലീസ് കാവലിലും വ്യാപകമായി കള്ള വോട്ട് ചെയ്യാൻ ശ്രമം നടന്നതോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

വോട്ടെടുപ്പിന്റെ തുടക്കത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥി രതീഷ് കെ. നായരുടെ വോട്ട് മറ്റൊരാൾ ചെയ്യാൻ ശ്രമം നടത്തി. ഈ സമയം വോട്ട് ചെയ്യാനായി ബൂത്തിലുണ്ടായിരുന്ന രതീഷ് ചോദ്യം ചെയ്തതോടെ തർക്കത്തിന് തുടക്കമായി. തുടർന്ന് പതിനൊന്നരയോടെ കള്ളവോട്ട് ചെയ്യാനെത്തിയ മറ്റ് ചിലരെപ്പറ്റി ബൂത്തിലുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരായ ഗുരുപ്രസാദ്, രാമചന്ദ്രൻ എന്നിവർ തർക്കം ഉന്നയിച്ചതോടെ ബൂത്തിൽ കയറി സി.പി.എം പ്രവർത്തകർ ഇവരെ മർദിച്ചു.

പരിക്കേറ്റ രാമചന്ദ്രൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമവും ഭീഷണിയും തുടർന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

Tags:    
News Summary - Cooperative Bank back to CPM rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.