അടൂർ: റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിനിടെ പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ബി. വിനുവിനെ തിരുവനന്തപുരം റോഡ്സ് മെയിന്റനൻസ് ഡിവിഷനിലേക്ക് സ്ഥലംമാറ്റി.പകരം പത്തനംതിട്ട പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഷീന രാജനെ തൽസ്ഥാനത്ത് നിയമിച്ചു.
ജില്ലയിലെ വിവിധ റോഡ് പണികളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എക്സിക്യൂട്ടിവ് എൻജിനീയർ ബി. വിനു കരാറുകാരന്റെ മേൽ പഴിചാരി നീണ്ട അവധിക്ക് അപേക്ഷ നൽകിയിരുന്നു. 2016-2017ലെ ബജറ്റ് വർക്ക് കരാർ പ്രകാരം നവീകരിച്ച ളാക്കൂർ വഴി കുമ്പഴ-കോന്നി റോഡ് സംബന്ധിച്ച പരാതിയിൽ വിജിലൻസ് നടപടി തുടങ്ങിയപ്പോഴാണ് മലക്കംമറിഞ്ഞത്.
ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരനു ഉദ്യോഗസ്ഥൻ ബില്ല് മാറിനൽകിയതുവഴി നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പണി തുടങ്ങിയപ്പോൾ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയും ജോലി നിർത്തിവെക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
മൂന്നുവർഷം മുമ്പ് പണിതീർന്ന് ബിൽ മാറിയ പാതയിൽ നിലവിൽ കരാറുകളൊന്നുമില്ലാതെയാണ് നിയമവിരുദ്ധമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ പാതയുടെ പണി ചെയ്ത സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി.വി. മാത്യു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു.Corruption in road construction: Executive engineer transferred
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.