പന്തളം: സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന പദ്ധതികൾ പലതും നിർത്തലാക്കിയതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. കന്നുകാലി ഇൻഷുറൻസ്, കന്നുകുട്ടി പരിപാലന പദ്ധതി, ആട്-കോഴി വിതരണം, രാത്രികാല ചികിത്സ സൗകര്യം തുടങ്ങി നിരവധി സേവനങ്ങളാണ് പന്തളം ബ്ലോക്കിൽപ്പെട്ട തുമ്പമൺ, കുളനട, പന്തളം തെക്കേക്കര, മെഴുവേലി എന്നീ പഞ്ചായത്തുകളിൽ നിലച്ചത്. ക്ഷീരകർഷകർക്ക് പകുതിവിലക്ക് കാലിത്തീറ്റ നൽകുന്ന കന്നുകുട്ടി പരിപാലന പദ്ധതി സംസ്ഥാന സർക്കാറിന്റെ 25 ശതമാനം വിഹിതവും പഞ്ചായത്തുകളുടെ 25 ശതമാനം വിഹിതവും ബാക്കി ഗുണഭോക്തൃ വിഹിതവും ചേർത്താണ് നടപ്പാക്കുന്നത്.
ഇതിൽ സംസ്ഥാനവിഹിതം ലഭിക്കാതെ വന്നതോടെ ഈവർഷം പഞ്ചായത്തുകൾ പദ്ധതി പൂർണമായും ഉപേക്ഷിച്ചു. കാലിത്തീറ്റക്ക് അടിക്കടി വില വർധിക്കുന്നതിനിടെ പദ്ധതി നിർത്തലാക്കിയത് കർഷകർക്കു കനത്ത തിരിച്ചടിയായി. സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കന്നുകാലി ഇൻഷുറൻസ് പദ്ധതിയും പലപ്പോഴും തടസ്സപ്പെടുകയാണെന്നാണു പരാതി. വളർച്ചയെത്തിയ പശുക്കൾക്ക് 3500 രൂപവരെ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടിവരുന്ന സ്ഥാനത്ത് സർക്കാർ പദ്ധതിയിൽ ചേരുന്നവർ 650 രൂപ മാത്രം അടച്ചാൽ മതിയായിരുന്നു.
യഥാസമയം സർക്കാർ ഫണ്ട് അനുവദിക്കാത്തതുമൂലം ബാങ്ക് വായ്പയും മറ്റും അവശ്യമുള്ള ക്ഷീരകർഷകർ മുഴുവൻ പ്രീമിയവും അടച്ച് മാടുകളെ ഇൻഷുർ ചെയ്യാൻ നിർബന്ധിതരാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.