കോന്നി: മല്ലശ്ശേരിമുക്കിൽ അപകടങ്ങൾ പതിവാകുന്നു. ഒരാഴ്ചക്കിടയിൽ രണ്ട് വാഹനാപകടങ്ങളാണ് ഈ ജങ്ഷനിൽ ഉണ്ടായത്. ഇന്നലെ കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ടര വയസ്സുകാരി പിഞ്ചുകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോന്നി പൂങ്കാവിൽനിന്നും സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് മല്ലശ്ശേരിമുക്കിൽ ആണ് സംഗമിക്കുന്നത്. ഈ റോഡ് ചേരുന്ന ഭാഗത്താണ് അപകടങ്ങൾ വർധിക്കുന്നത്.
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണം പൂർത്തിയായ ശേഷമാണ് ഇത്രയുമധികം അപകടങ്ങൾ ഉണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു. സംസ്ഥാന പാതയിലൂടെ പത്തനംതിട്ട ഭാഗത്തേക്കും പുനലൂർ ഭാഗത്തേക്കും സഞ്ചരിക്കുന്ന സൂപ്പർ ഫാസ്റ്റ് അടക്കമുള്ള വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിനാൽ തന്നെ പൂങ്കാവിൽനിന്നും വരുന്ന വാഹനങ്ങൾ ഇത് ശ്രദ്ധിക്കാതെ വളവ് തിരിയുമ്പോൾ ആണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. മാത്രമല്ല ഇങ്ങനെ ഒരു റോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന സൂചന ബോർഡുകളും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടില്ല.
ഒരാഴ്ചക്കിടയിൽ നടന്ന അപകടങ്ങളിൽ ആദ്യം സ്കൂട്ടറും ബൈക്കും ഇടിക്കുകയും പിന്നീട് സ്കൂട്ടറും കാറും തമ്മിൽ ഇടിച്ചുമാണ് അപകടങ്ങൾ നടന്നത്. ഈ അപകടങ്ങളിൽ സ്കൂട്ടറുകൾ പൂർണമായി തകരുകയും ചെയ്തിരുന്നു. സംസ്ഥാനപാത നിർമാണം പൂർത്തിയായശേഷം വാഹനങ്ങൾ അമിത വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്. അമിത വേഗതക്ക് കടിഞ്ഞാണിടാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇരുചക്ര വാഹനങ്ങൾ അടക്കം സ്കൂൾ സമയങ്ങളിൽ പോലും വലിയ വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്. അപകടങ്ങൾ കുറക്കുന്നതിനാവശ്യമായ സൂചനാ ബോർഡുകളും മറ്റ് സംവിധാനങ്ങളും അടിയന്തരമായി ഇവിടെ സ്ഥാപിക്കേണ്ടത് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.