പട്ടയം അപേക്ഷകർ 7000; വിതരണം ചെയ്യുന്നത് 246

പത്തനംതിട്ട: ജില്ലയിൽ പട്ടയത്തിനായി കാത്തിരിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും വീണ്ടും നിരാശ. ഏഴായിരത്തിലേറെ അപേക്ഷകരാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. 25ന് ജില്ലയിൽ നടക്കുന്ന പട്ടയമേളയിൽ വിതരണത്തിന് തയാറായത് 246 പട്ടയം മാത്രമാണ്.

വനഭൂമി കൈവശമുള്ള ചെറുകിട കർഷകരാണ് അപേക്ഷകരിലേറെയും. വനഭൂമിക്ക് പട്ടയം നൽകുന്നതിന് പകരമായി റവന്യൂഭൂമി വനമായി മാറ്റാൻ വനംവകുപ്പിന് വിട്ടുനൽകണമെന്ന കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ വ്യവസ്ഥയാണ് ജില്ലയിലെ ബഹുഭൂരിപക്ഷത്തിനും പട്ടയം ലഭിക്കുന്നതിന് തടസ്സമാകുന്നത്. ഇപ്പോൾ വിതരണത്തിന് തയാറായ 246ഉം വനമല്ലാത്ത ഭൂമിക്കാണെന്ന് അധികൃതർ പറയുന്നു. സർക്കാറിന്റെ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇവ 25നു വിതരണം ചെയ്യുന്നത്. അടൂർ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നവയുടെ എണ്ണം.

1977 ജനുവരി ഒന്നിനു മുമ്പ് തന്നെ താമസമാക്കിയവരും വനമേഖലയുമായി വിദൂരത്തിലുള്ളവരുമായ ആളുകളുടേതടക്കമുള്ള പട്ടയങ്ങളും തർക്കത്തിൽ പെട്ടുകിടക്കുന്നു. റവന്യൂ, വനംവകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പട്ടയവിതരണത്തിന് പ്രധാന തടസ്സം.

അർഹരെന്നു സ്ഥലപരിശോധന നടത്തിയ വിവിധ സംഘങ്ങൾ തീർപ്പുകല്പിച്ചിട്ടും വനംവകുപ്പ് ഉടക്കുമായി നിൽക്കുന്നുവെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. വനം വകുപ്പിന്റെ കണക്കിൽ മാത്രം ജില്ലയിൽ ഏഴായിരത്തോളം പട്ടയങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.

റവന്യൂ വകുപ്പിന്റെ കണക്കിൽ നൂലാമാലകളിൽ പെട്ടുകിടക്കുന്ന പട്ടയങ്ങളുടെ എണ്ണം ഇനിയും കൂടും. നിയമപരമായ നടപടി ക്രമങ്ങളുടെ തടസ്സം കാരണം ഇവയിൽ പല പട്ടയങ്ങളുടെയും തുടർപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് 2021 സെപ്റ്റംബർ 13ന് ജില്ലയിൽ സംഘടിപ്പിച്ച പട്ടയമേളയിൽ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.

ഒരുവർഷം കഴിഞ്ഞിട്ടും മന്ത്രി പറഞ്ഞ പുരോഗതി ഉണ്ടായില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വനം, റവന്യൂ സംയുക്ത പരിശോധന അടക്കം നടത്തി അനുകൂല റിപ്പോർട്ട് നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടി, റാന്നിയിൽ പമ്പാവാലി, കൊല്ലമുള, അത്തിക്കയത്തെ തെക്കേത്തൊട്ടി, കോന്നിയിൽ തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം പട്ടയവിതരണ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പരുവ, കുരുമ്പന്‍മുഴി, മണക്കയം, വലിയപതാല്‍, അരയാഞ്ഞിലി മണ്ണ്, അടിച്ചിപ്പുഴ-ചൊള്ളനാവയല്‍, മുക്കുഴി, ഒളികല്ല്, അത്തിക്കയം-തെക്കേതൊട്ടി, കടുമീന്‍ചിറ, പെരുമ്പെട്ടി, കോട്ടുപാറ, മോതിരവയല്‍ അമ്പലപ്പാറ, പമ്പാവാലി, ഏഞ്ചല്‍വാലി എന്നിവിടങ്ങളിലാണ് അപേക്ഷകർ ഏറെയുള്ളത്.

ഈ അപേക്ഷകൾ പരിഗണിച്ചു വരുന്നു എന്ന മറുപടിയാണ് വർഷങ്ങളായി റവന്യൂ, വനം അധികൃതർ നൽകുന്നത്. ഇവയിൽ 1985ലെ ജോയന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അനുമതിക്കായി അപ്ലോഡ് ചെയ്ത പട്ടയങ്ങളും തടസ്സപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജില്ലയിൽ 2500ലധികം ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശരേഖ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ബാങ്ക് ലോണിന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇത് പര്യാപ്തമല്ല.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പ്രധാന തടസ്സം -പ്രമോദ് നാരായണൻ എം.എൽ.എ

റാന്നി: റാന്നി മേഖലയിലെ പട്ടയ വിതരണത്തിന് പ്രധാന തടസ്സം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണെന്ന് പ്രമോദ് നാരായണൻ എം.എൽ.എ. വിവിധ തടസ്സങ്ങളാണുള്ളത്.

സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ കൊടുക്കാവുന്നവയാണ് ഇപ്പോൾ നൽകാൻ പോകുന്നത്. വനമേഖലയിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രധാന തടസ്സം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ്. സംസ്ഥാന സർക്കാർ അനുമതിയോടെ ഇതുവരെ നൽകാൻ തയാറായവ 75 എണ്ണം വരും. 25 എണ്ണംകൂടി നൽകാൻ കഴിയുമെന്നാണ് കരുതുന്നത്.

കാലങ്ങളായി നൽകാൻ കഴിയാതെ കിടക്കുന്ന പട്ടയങ്ങൾ നൂറുകണക്കിനുണ്ട്. അവ വനമേഖലയിലുമാണ്. അവക്ക് കേന്ദ്രാനുമതി ആവശ്യമാണ്. കൊല്ലമുള, പരുവ, വടശേരിക്കര, പെരുനാട് മേഖലകളിൽ അത്തരം പട്ടയത്തിനായി കാത്തിരിക്കുന്നവർ നിരവധിയാണ്. ഒട്ടേറെ നിയമക്കുരുക്കുകളാണ് ആ മേഖലയിലുള്ളത്. അതിൽ പ്രധാനം കേന്ദ്ര വനം-ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയായിരുന്നു. സംസ്ഥാന സർക്കാറും എം.എൽ.എ എന്ന നിലയിൽ ഞാനും നടത്തിയ ശ്രമങ്ങളുടെ ഭാഗമായി നാലുമാസം മുമ്പ് അത് സാധ്യമായി. ഇനി ദേശീയതലത്തിൽ ഇതിനായുള്ള പ്രത്യേക സമിതിയുണ്ട്.

ആ സമിതിയുടെ അംഗീകാരം ലഭിക്കണം. പെരുമ്പെട്ടിയിൽ കർഷകരുടെ കൈവശമുള്ളത് വനഭൂമിയാണ് എന്നാണ് വനം വകുപ്പിന്റെ ശക്തമായ വാദം. നാട്ടുകാർ വനഭൂമി അല്ലെന്നും വാദിക്കുന്നു.

തർക്കം പരിഹരിക്കാൻ വനം-റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചെങ്കിലും അത് ഇതുവരെ നടന്നില്ല. സർവേ നടന്നെങ്കിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

ഇത്തരം കാര്യങ്ങൾ എം.എൽ.എ എന്ന നിലയിൽ പരിഹരിക്കാൻ കഴിയുന്നവയല്ല. കേന്ദ്ര വനം മന്ത്രാലയത്തിന്റെ തടസ്സം നീക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവരുകയാണെന്നും പ്രമോദ് നാരായണൻ പറഞ്ഞു.

മുടന്തൻ ന്യായം പറഞ്ഞ് നടക്കരുത്- അടൂർ പ്രകാശ് എം.പി

പത്തനംതിട്ട: ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുടെ പട്ടയം അവർക്ക് നൽകിയേ മതിയാകൂ എന്ന് മുൻ കോന്നി മുൻ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന അടൂർ പ്രകാശ് എം.പി.

അല്ലാതെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നടക്കരുത്. വനംവകുപ്പിന് പകരം ഭൂമി നൽകണം എന്നൊക്കെ പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കോന്നിയിലെ ആറ് വില്ലേജിലെ പട്ടയം റദ്ദാക്കിയ സർക്കാർ അതിനൊപ്പം അനുവദിച്ച റാന്നി, കാഞ്ഞിരപ്പള്ളി, ഇടുക്കി എന്നിവിടങ്ങളിലെ പട്ടയങ്ങൾ റദ്ദാക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തണം. കോന്നിയിൽ പട്ടയം വിതരണം ചെയ്തശേഷം ഞാൻ പോയത് ഇടുക്കിയിലെ പട്ടയ വിതരണത്തിനായിരുന്നു. അവിടെ റദ്ദാക്കിയിട്ടില്ല. രാഷ്ട്രീയപ്രേരിതമായാണ് കോന്നിയിൽ പട്ടയം റദ്ദാക്കിയത്. അന്ന് യു.ഡി.എഫ് സർക്കാർ പട്ടയം നൽകാൻ തീരുമാനമെടുത്തത് ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്തി, സ്കെച്ചും പ്ലാനുംവരെ തയാറാക്കിയാണ്. ഈ സ്ഥലങ്ങളെല്ലാം നേരത്തേ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നപ്പോഴുള്ള ഉത്തരവുണ്ട്. അതിൽ ഈ ഭൂമികൾ ജനങ്ങൾക്ക് വിട്ടുകൊടുക്കാൻ പറയുന്നുണ്ട്.

അതനുസരിച്ചാണ് നടപടി സ്വീകരിച്ചത്. പകരം ഭൂമി കണ്ടെത്തണമെന്ന് പറയുന്നതിൽ കാര്യമില്ല. 1977 ജനുവരി ഒന്നിന് മുമ്പേ കൈവശക്കാരായിരുന്നവർക്കാണ് പട്ടയം അനുവദിച്ചത്. അത് വനഭൂമിയല്ല. റവന്യൂ ഭൂമിയാണ്.

വനഭൂമിക്ക് പട്ടയം നൽകുന്നതിനാണ് പകരം ഭൂമി നൽകേണ്ടത്. ഉടൻ പട്ടയം നൽകുമെന്ന് പറഞ്ഞാണല്ലോ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നിട്ട് എന്തേ നൽകാത്തതെന്ന് എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കണമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.

Tags:    
News Summary - deed applicants is 7000; Distributing only 246

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.