പത്തനംതിട്ട: പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വീണാ ജോർജ് പറഞ്ഞു. ജില്ലയ്ക്കുള്ള അംഗീകാരമാണിത്. ഏൽപിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കും. 2016ലെ തെരഞ്ഞെടുപ്പിലേതിനെക്കാൾ ഭൂരിപക്ഷത്തോടെയാണ് താൻ ഇത്തവണ വിജയിച്ചത്. കൂടുതൽ സീറ്റുകളോടെയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയിരിക്കുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം വിനയത്തോടെയും വർധിച്ച ഉത്തരവാദിത്തത്തോെടയും ഏറ്റെടുക്കുന്നു. തനിക്ക് ലഭിച്ച മന്ത്രി സ്ഥാനം ആറന്മുളയിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖഛായ തെന്ന മാറ്റാൻ കഴിഞ്ഞു. കാത്ത് ലാബ് സൗകര്യം ഒരുക്കിയത് വലിയ നേട്ടമാണ്. ജില്ല ആശുപത്രിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. അതിെൻറയെല്ലാം തുടർച്ചയായ വികസനം നടപ്പാക്കാനുള്ള പരിശ്രമം ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
വസതിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു വീണ. ജനക്ഷേമപരവും അഴിമതിരഹിതവുമായ ഭരണമാണ് ഇടതു മുന്നണി കാഴ്ചവെച്ചത്. അത് തുടരുക തന്നെ ചെയ്യും. മാധ്യമ പ്രവർത്തകയായിരുന്നത് പൊതുപ്രവർത്തനത്തിന് വലിയ ഗുണമായി. അനീതിക്കെതിരായ പ്രവർത്തനമാണ് മാധ്യമപ്രവർത്തനം. മാധ്യമ പ്രവർത്തനവും പൊതുപ്രവർത്തനമാണ്. നീതി നിഷേധിക്കപ്പെടുന്നവർക്ക് അത് ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനമാണ് മാധ്യമ പ്രവർത്തന കാലത്ത് ചെയ്തത്. ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ ഉറപ്പാക്കാൻ പരിശ്രമിക്കും. ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ആറന്മുളക്ക് ഇടം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ആലപ്പുഴയിലും ടൂറിസ്റ്റുകൾ എത്തുന്നതുപോെല ജില്ലയിലും ആളുകൾ എത്താൻ വഴിയൊരുക്കണമെന്നാണ് ആഗ്രഹം.
കോന്നി ഇക്കോ ടൂറിസം, ഗവി എന്നിവിടങ്ങളെല്ലാം കൂട്ടിയിണക്കുന്ന പദ്ധതി വേണം. പമ്പയാറിനെയും മാന്നാറിനെയും കൂട്ടിയിണക്കി ബോട്ട് സർവിസ് ആരംഭിക്കുന്ന പദ്ധതി ചർച്ചയിലാണെന്നും വീണാ ജോർജ് പറഞ്ഞു.
പ്രതീക്ഷയിൽ ജില്ലയിലെ ആരോഗ്യ മേഖല
പത്തനംതിട്ട: മന്ത്രിമാരും വകുപ്പുകളും അറിവായതോടെ ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേറുന്നു. വീണാ ജോർജിന് ആരോഗ്യവകുപ്പ് ലഭിച്ചത് ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയുടെയും കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയുടെയും വികസനത്തിന് ആക്കം പകരുമെന്നാണ് കരുതുന്നത്. ജില്ലയിൽനിന്ന് ആരോഗ്യ വകുപ്പ് മന്ത്രിയാകുന്ന രണ്ടാമെത്തയാളാണ് വീണാ ജോർജ്.
അടൂർ പ്രകാശ് നേരത്തേ ആരോഗ്യ മന്ത്രിയായിരുന്നിട്ടുണ്ട്. അന്നാണ് കോന്നിയിൽ മെഡിക്കൽ കോളജ് അനുവദിച്ചത്. ദീർഘകാലം സി.പി.ഐയുടെ പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്ന പി. പ്രസാദ് കൃഷി മന്ത്രിയായത് ജില്ലയിൽ കാർഷിക മേഖലയുടെ ഉണർവിന് ഉതകുന്ന പാക്കേജുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയർത്തുന്നു. കലഞ്ഞൂർ സ്വദേശിയായ കെ.എൻ. ബാലഗോപാൽ ധന മന്ത്രിയായതിനാൽ ജില്ലയുടെ വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ ഉദാര മനസ്കത കാട്ടുമെന്ന പ്രതീക്ഷയും പൊതു പ്രവർത്തകരും സി.പി.എം പ്രാദേശിക നേതാക്കളും പങ്കുവെക്കുന്നു.
ജില്ലയുടെ മധ്യഭാഗത്തുള്ള ആറന്മുളയുടെ പ്രതിനിധി മന്തിയാകുന്നത് ജില്ലക്ക് മുഴുവന്‍ ഉപകാരമാകുന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്.
ഏത് മുന്നണി വന്നാലും, സീനിയോറിറ്റിയും ജാതി-മത-ഗ്രൂപ് സമവാക്യങ്ങളും ഒക്കെ പരിഗണിച്ച് കഴിഞ്ഞാല്‍, മന്ത്രിസ്ഥാനമില്ലാതെ തഴയപ്പെടുന്ന ഏക ജില്ലയായിരുന്നു പത്തനംതിട്ട. മറ്റുപല ജില്ലകളില്‍നിന്നും മൂന്നുംനാലും ഒക്കെ മന്ത്രിമാര്‍ ഉണ്ടാകുമ്പോൾ പത്തനംതിട്ടയോട് അവഗണനയായിരുന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് സമ്മാനിച്ച ജനങ്ങള്‍ക്ക് അഭിമാനത്തിന് വക നൽകുന്നതാണ് ഇടതു മുന്നണി തീരുമാനം.
ഇതുവരെ ജില്ലയിൽനിന്ന് മന്ത്രിയായവർ സ്വന്തം മണ്ഡലത്തിെൻറ വികസനത്തിന് മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. അതിെൻറ ഫലമാണ് ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളജ് കോന്നിയിലേക്ക് പോയതെന്ന് ചൂണ്ടിക്കാണിക്കുന്നവർ നിരവധിയാണ്.
കെ.കെ. നായര്‍ക്ക് ശേഷം ജില്ല ആസ്ഥാനത്തിന് എന്നും അവഗണനയാണെന്ന പരാതിയാണ് പത്തനംതിട്ടക്കാർക്കുള്ളത്.
ചെറുവള്ളി കേന്ദ്രീകരിച്ചുള്ള വിമാനത്താവള പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലും ചിന്തിക്കാത്തത്ര വികസനം ഉണ്ടാകും. തിരുവല്ല, കുമ്പഴ റോഡ്, അടൂർ പത്തനംതിട്ട റോഡ് എന്നിവ ഇരട്ട പാതയായി വികസിപ്പിക്കണമെന്നാവശ്യം ദീർഘകാലമായി ഉയരുന്നു. എല്ലാവര്ക്കും കുടിവെള്ളം, പത്തനംതിട്ട കേന്ദ്രീകരിച്ച് രാജ്യാന്തര സ്റ്റേഡിയം, സര്‍ക്കാര്‍ വക ചെങ്ങറ ഹാരിസൺസ് മലയാളം പ്ലാേൻറഷൻ ഏറ്റെടുക്കൽ, റബ്ബര്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കൽ, കോന്നി മെഡിക്കല്‍കോളജിലേക്ക് ജില്ല ആസ്ഥാനത്ത് നിന്നും എല്ലാ താലൂക്ക് ആസ്ഥാനങ്ങളില്‍നിന്നും നിലവാരമുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങി വികസന ആവശ്യങ്ങൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.