എലിപ്പനി, വയറിളക്ക രോഗങ്ങള്‍: ജാഗ്രത വേണം -ഡി.എം.ഒ

പത്തനംതിട്ട: ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ എലിപ്പനിക്കും വയറിളക്ക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. എലിമാളങ്ങളില്‍ വെള്ളം കയറിയതിനാല്‍ എലിപ്പനി രോഗാണുക്കള്‍ വെള്ളത്തില്‍ കലരാനും കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിക്കാനും ഇടയുണ്ട്.

പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ വിവരം ഡോക്ടറെ അറിയിക്കണമെന്നും മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കില്‍ എലിപ്പനിബാധ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ ഗുളികയും കഴിക്കണം.

ഇതിനായുള്ള ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും.വെള്ളപ്പൊക്കം മൂലം മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയുടെ രോഗാണുക്കള്‍ കുടിവെള്ളത്തില്‍ കലരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കുന്ന രീതി പാടില്ല. വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം തടയാൻ ഒ.ആര്‍.എസ് പാക്കറ്റുകള്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭ്യമാണ്.

Tags:    
News Summary - Diarrheal Diseases Caution Needed -DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.