പത്തനംതിട്ട: ജില്ലയിൽ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ നടപ്പാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട നഗരത്തിലെ മേൽപാലം മുഖ്യപരിഗണന നല്കി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥതലത്തില്‍ കൂടുതൽ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി വീണ ജോർജ് നിർദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയാരുന്നു അവർ.
പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സർവേ ഡിസംബറില്‍ പൂർത്തിയാക്കണം. ജില്ല കോടതി സമുച്ചയ നിര്‍മാണം സംബന്ധിച്ച് ജില്ല ജഡ്ജിയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി. വലഞ്ചുഴി ടൂറിസം പദ്ധതിയുടെ തുടക്കത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം പാടില്ല.
പത്തനംതിട്ട ഭക്ഷ്യപരിശോധന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച് ശബരിമല തീര്‍ഥാടനത്തിന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്കി.
ആദിവാസി മേഖലകളിൽ വിളക്ക് തെളിക്കണം
റാന്നി കുറുമ്പന്‍മൂഴി ആദിവാസി മേഖലകളിലേക്കുള്ള വൈദ്യുതി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് പ്രമോദ് നാരായൺ എം.എല്‍.എ ആവശ്യപ്പെട്ടു. ഉള്‍പ്രദേശങ്ങളായ പമ്പാവാലി, തുലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം കെ-ഫോൺ വഴി ലഭ്യമാക്കണം. പട്ടയ വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു. അടൂര്‍ റവന്യൂ ടവറിലുള്ള മോട്ടര്‍ വെഹിക്കിള്‍ ഓഫിസ് സൗകര്യപ്രദമായി താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ആവശ്യപ്പെട്ടു. ജൽ ജീവന് മിഷന് കുഴിയെടുത്തത് നികത്തണമെന്ന് കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ എക്സൈസ്-പൊലീസ് നടപടികള്‍ കൂടതല്‍ ശക്തിപ്പെടുത്തണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി പറഞ്ഞു. കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.