പത്തനംതിട്ട: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കുന്നതിന് തോക്ക് ലൈസന്‍സ് ഉള്ളവരെ ഉള്‍പ്പെടുത്തി ടാസ്‌ക്‌ഫോഴ്‌സ് ഉടന്‍ സജ്ജമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ ജില്ല വികസന സമിതി യോഗത്തില്‍ പറഞ്ഞു.റാന്നി, കോന്നി ഡി.എഫ്.ഒമാരെ ഇതിനായി ചുമതലപ്പെടുത്തണം. മിഷന്‍ അന്ത്യോദയ സര്‍വേ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സഹകരണം പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, വനിത ശിശുവികസന വകുപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജോയന്‍റ് ഡയറക്ടര്‍ കത്തുനല്‍കണം.
കടപ്ര പഞ്ചായത്തിലെ പുളിക്കീഴില്‍ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എ.ബി.സി കേന്ദ്രം നിര്‍മാണം ആരംഭിക്കാൻ അനുമതി വേഗം ലഭ്യമാക്കണം. 1.50 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്. പത്തനംതിട്ട റിങ് റോഡിലെ കൈയേറ്റങ്ങള്‍ വിട്ടുവീഴ്ച ഇല്ലാതെ ഒഴിപ്പിക്കണമെന്നും പറഞ്ഞു. തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തീകരണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ. ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
എം.എല്‍.എ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പുറമറ്റം പഞ്ചായത്തിലെ അംഗന്‍വാടി കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കണം. തിരുവല്ല സബ് ട്രഷറി കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കണം. ഉപദേശിക്കടവ് പാലവുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം തുടങ്ങണം.നിരണം കണ്ണശ്ശ സ്മാരകം സ്‌കൂള്‍, കുന്നന്താനം പാലയ്ക്കത്തകിടി സെന്‍റ് മേരീസ് ഹൈസ്‌കൂള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിക്കണം.
കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എ.ഡി.എം ബി. രാധാകൃഷ്ണന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍പങ്കെടുത്തു.
റാന്നി നിയോജകമണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതു പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും പ്രമോദ് നാരായണ്‍ എം.എല്‍.എ ജില്ല വികസന സമിതി യോഗത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍, റവന്യു എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്നും പറഞ്ഞു.
ജനറല്‍ ആശുപത്രി റോഡിന്റെ വശങ്ങളില് അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ആംബുലന്‍സുകള്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്മാന് ടി. സക്കീര്‍ഹുസൈന്‍ പറഞ്ഞു.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് പ്രേരിപ്പിക്കുന്നത് ഉള്‍പ്പെടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തെറ്റായ പ്രവണതകള്‍ ചെയ്യുന്നതിന് തടയിടേണ്ടതുണ്ട്. പത്തനംതിട്ട-കുമ്പഴ റോഡില്‍ ജില്ല ജയിലിന് മുന്‍വശത്ത് ഉള്‍പ്പെടെ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടക്കണം.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലവിതരണം നടത്തുന്നതിന് നഗരസഭക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം. കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നതു മൂലം ഇവിടെ 150 കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.