ചിറ്റാർ: ഇക്കൊല്ലവും മണ്ഡലകാലത്തിന് മുന്നോടിയായി നിലക്കൽ-സീതത്തോട് കുടിവെള്ള പദ്ധതി യാഥാർഥ്യമാകില്ല. ജില്ലയിലെ ഏറ്റവും പ്രധാന കുടിവെള്ള പദ്ധതികളിലൊന്നായ ഇതിന്റെ നിർമാണം നീളുകയാണ്. എന്നാൽ, ഈ പ്രാധാന്യം അനുസരിച്ചൊന്നും നിർമാണ പുരോഗതിയില്ലാത്തതാണ് തിരിച്ചടിയായത്. ജനപ്രതിനിധികളും സർക്കാറും ഇക്കാര്യത്തിൽ മെല്ലപ്പോക്കിലായതാണ് പദ്ധതി വൈകുന്നത്. നിലക്കലിലും സീതത്തോട് പഞ്ചായത്തിലും നാറാണംതോട്, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്നൊരു ബൃഹത് പദ്ധതിയാണിത്. അനന്തമായി നിർമാണം നീളുന്നതിൽ ജനങ്ങളിൽ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
ശബരിമല ഇടത്താവളമായ നിലക്കലിൽ സുഗമമായ കുടിവെള്ള വിതരണത്തിന് ഈ പദ്ധതി പൂർത്തിയാകേണ്ടത് അത്യാവശ്യമാണ്. നിലക്കലിൽ ഓരോ വർഷവും വെള്ളത്തിന്റെ ആവശ്യകത വർധിച്ചുവരുന്നതിനൊപ്പം ജലവിതരണം വലിയ പ്രശ്നമാകുകയും ചെയ്യുന്നുണ്ട്. നിലക്കലിൽ ഇപ്പോൾ ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് മണ്ഡലകാലത്ത് വിതരണം ചെയ്യുന്നത്. ഇതിനായി വർഷം തോറും കോടികളാണ് സർക്കാറിന് ചെലവഴിക്കേണ്ടി വരുന്നത്.
നിലക്കൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായാൽ മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് വലിയൊരു പരിഹാരമാകും. ശുദ്ധജലവിതരണ പദ്ധതികളൊന്നുമില്ലാത്ത സീതത്തോട് പഞ്ചായത്തിലെ ജനങ്ങളും കാത്തിരിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടം നിലക്കലിൽ വെള്ളമെത്തിക്കുക എന്നതാണ്. തുടർന്നാവും സീതത്തോട് പഞ്ചായത്തിൽ വെള്ളമെത്തിക്കുന്നതിന് നടപടികൾ തുടങ്ങുക. നിലക്കലിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ എങ്ങുമെത്താതെ നീളുമ്പോൾ സീതത്തോട്ടിൽ എന്ന് വെള്ളമെത്തുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സീതത്തോട് പഞ്ചായത്തിൽ ജലക്ഷാമംകൊണ്ട് ജനം ദുരിതം അനുഭവിക്കുകയാണ്. പഞ്ചായത്ത് ജലസമൃദ്ധമാണെങ്കിലും ഇവിടെ പദ്ധതികൾ ഒന്നും ഇല്ലാത്തത് കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.