പത്തനംതിട്ട: പ്രചാരണം ഊർജിതമാക്കി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികൾ പര്യടനം തുടരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്കത്തോട്ടിൽ രാവിലെ സഹകാരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള സംഗമം നടന്നു. ഉച്ചകഴിഞ്ഞ് വെള്ളാവൂർ സാഗർ ഓഡിറ്റോറിയത്തിലും മഹിള സംഗമം നടന്നു. കങ്ങഴ പഞ്ചായത്തിൽ വിവിധ കുടുംബയോഗങ്ങൾ, ചെറുവള്ളി തേക്കുംഭാഗം കുടുംബ യോഗം മണിമല മുക്കട ആലയം കവല കുടുംബയോഗം എന്നിവയിലും പങ്കെടുത്തു.
ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, നേതാക്കളായ കെ.ജെ. തോമസ്,കെ.എം. രാധാകൃഷ്ണൻ, അഡ്വ. ഗിരീഷ് എസ്. നായർ, ഷെമീം അഹമ്മദ്, വി.ജി. ലാൽ, പ്രഫ. ആർ. നരേന്ദ്രനാഥ്, അഡ്വ.എം.എ. ഷാജി, എ.എം മാത്യു ആനിത്തോട്ടം, രാജൻ ചെറുകാപ്പള്ളിൽ, രാജു തെക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയും ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളിയിൽ പര്യടനത്തിലായിരുന്നു. ഇവിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങലെത്തി അദ്ദേഹം വോട്ടഭ്യർഥിച്ചു. എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി കോന്നി മണ്ഡലത്തിൽ പര്യടനം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി റോയ് മാത്യു, കോന്നി മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജനറൽ സെക്രട്ടറി, അനിൽ അമ്പാടി, ഗ്രാമപഞ്ചായത്ത് അംഗം സതീഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പത്തനംതിട്ട: പാർട്ടിയിൽ ഇല്ലാത്ത കാര്യങ്ങൾ ആരും ഉണ്ടാക്കേണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്ക്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളി നടന്നെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്തയിൽ പരാമർശിക്കപ്പെട്ട രണ്ടുപേരും വാർത്തസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. പാർട്ടിയിൽ ഒരു തർക്കവും പ്രശ്നമില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും 20 ഫോർജി ടവറുകളിലും യു.ഡി.എഫ് സ്ഥാനാർഥിയായ ആന്റോ ആൻറണിയുടെ പേര് പ്രദർശിപ്പിച്ചിട്ടുള്ളത് മറയ്ക്കണം എന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി. പേരുകൾ തെരഞ്ഞെടുപ്പ് കാലത്ത് പ്രദർശിപ്പിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണ്. സ്ഥാനാർഥിയുടെ പേരുകൾ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവെക്കാൻ ഉത്തരവിടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.