പത്തനംതിട്ട: കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്ത കേസിൽ പൂർവ വിദ്യാർഥിക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
കലഞ്ഞൂർ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേവീട്ടിൽ പ്രവീണിനെയാണ് (20) പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ശിക്ഷിച്ചത്. കഴിഞ്ഞവർഷം നവംബർ 24 പുലർച്ച 1.30 ന് ക്ലാസ് മുറിയിലെയും എൻ.സി.സി, എൻ.എസ്.എസ് ഓഫിസുകളുടെയും ജനൽ ചില്ലകൾ അടിച്ചുതകർത്തു. സ്കൂളിന് സമീപമുള്ള ബേക്കറിയിലെയും മറ്റും സിസി ടി.വികളും ഗ്ലാസും നശിപ്പിച്ചു.
കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്ത കാറിന്റെ ചില്ലും തകർന്നു. കൂടൽ പൊലീസ് സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. എസ്.ഐ ഷെമി മോൾ കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ആർ രാജ്മോഹൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.