പത്തനംതിട്ട: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം ജില്ലയിൽ ആരംഭിച്ചു. എസ്.എസ്.എൽ.സി കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ജില്ലയിൽ അഞ്ച് എണ്ണമാണുള്ളത്. തിരുവല്ല എം.ജി.എം എച്ച്.എസ്.എസ് (ഫിസിക്സ്, മലയാളം -ഒന്ന്), തിരുവല്ല ബാലികാമഠം എച്ച്.എസ്.എസ് (ഹിന്ദി, സോഷ്യൽ സയൻസ്), കാരംവേലി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് (ഇംഗ്ലീഷ്, ബയോളജി),
മല്ലപ്പള്ളി സി.എം.എസ് എച്ച്.എസ്.എസ് (കെമിസ്ട്രി, ഫിസിക്സ്), റാന്നി എം.എസ്.എച്ച്. എസ്.എസ് (മലയാളം 2 , ഗണിതശാസ്ത്രം) എന്നിവയാണവ. ആദ്യമായാണ് റാന്നി എം.എസ്.എച്ച്.എസ്.എസിൽ ക്യാമ്പ് വരുന്നത്. ഈ മാസം 26 വരെയാണ് മൂല്യനിർണയം. മേയ് രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുള്ളത്. 10,214 വിദ്യാർഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഹയർ സെക്കൻഡറിക്ക് നാല് ക്യാമ്പുകളാണ് ജില്ലയിലുള്ളത്. ഹയർ സെക്കൻഡറിക്ക് സംസ്ഥാനത്ത് മൊത്തം 80 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളുണ്ട്. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവയാണ് ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകൾ.
ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്. അധ്യാപകൻ ഒരു ദിവസം 26 പേപ്പറുകളാണ് മൂല്യനിർണയം നടത്തുന്നത്. ഉച്ചക്ക് മുമ്പ് 13 എണ്ണവും ഉച്ചക്ക് ശേഷം ബാക്കിയും നോക്കണം. ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ടമൂല്യനിർണയമാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.