പത്തനംതിട്ട: ഏറ്റെടുത്ത പദ്ധതികളില്‍ ബഹുഭൂരിപക്ഷവും പൂര്‍ത്തിയാക്കി വിജയഗാഥ രചിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് പദ്ധതി ചെലവില്‍ 13ാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി. ബജറ്റ് പ്രകാരം ലഭ്യമായ തുകയുടെ 97 ശതമാനം ചെലവഴിക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. ലൈഫ്, പി.എം.എ.വൈ(ജി) ഭവനപദ്ധതികളിലായി 70 ലക്ഷത്തോളം രൂപയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 20 ലക്ഷം രൂപയും കാര്‍ഷിക-ക്ഷീര വികസന മേഖലകളില്‍ 32 ലക്ഷം രൂപയും പ്രാദേശിക സാമ്പത്തിക വികസനത്തിനായി 16 ലക്ഷവും ചെലവഴിച്ചു.
പശ്ചാത്തല മേഖലയില്‍ 20 ലക്ഷവും കോഴഞ്ചേരി കെ.എസ്.എച്ച്.ബി തോട് നവീകരണത്തിനായി ഒമ്പതു ലക്ഷം രൂപയും മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ വിപുലീകരണത്തിനായി എട്ടു ലക്ഷം രൂപയും ചെലവഴിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 30 പഠനമുറികളാണ് 2022-23 സാമ്പത്തിക വര്‍ഷം നിര്‍മിച്ചു നല്‍കിയത്. ഭിന്നശേഷി കലോത്സവവും കേരളോത്സവവും വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാന്‍ സാധിച്ചു. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 16,50,000 രൂപ സബ്സിഡി നല്കി. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് അർബുദനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കായി പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെന്റര്‍ ഏഴ് ഗ്രാമപഞ്ചായത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.
12 അംഗന്‍വാടികളില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്കി. എല്ലാ മേഖലയിലും ഗുണഫലങ്ങള്‍ എത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അഭിനന്ദിച്ചു.
കൊറ്റനാട് പഞ്ചായത്തിന് നൂറു ശതമാനം നേട്ടം
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും നൂറു ശതമാനം നേട്ടം കൈവരിച്ചു. പഞ്ചായത്തിന് ഈ നേട്ടം ആദ്യമായാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് പ്രകാശ് പി. സാം പറഞ്ഞു. വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 1,08,96,130 രൂപയും വികസന ഫണ്ട് എസ്.സി.പി വിഭാഗത്തിൽ 33,70,458 രൂപയും ചെലവഴിച്ചു. കൃഷി മൃഗസംരക്ഷണ മേഖലക്ക് 25 ,27,645 രൂപയും പാർപ്പിട മേഖലക്ക് 31,80,000 രൂപയും ചെലവഴിച്ചു. ശുചിത്വ - മാലിന്യരംഗത്ത് 260 കുടുംബങ്ങൾക്ക് ബയോബിൻ നൽകിയതിലൂടെ ശാസ്ത്രീയമായ ഗാർഹിക മാലിന്യ സംസ്കരണം ഉറപ്പ് വരുത്താനും പഞ്ചായത്തിന് കഴിഞ്ഞു.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഏഴോളം കുടിവെള്ള പദ്ധതികൾ ഭൂജല വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കി. ഇതിന്റെ ഫലമായി ജില്ലയിലെ മികച്ച ജാഗ്രതാ സമിതിയായി കൊറ്റനാട് പഞ്ചായത്തിന് ജില്ല പഞ്ചായത്തിന്റെ ആദരവ് കരസ്ഥമാക്കാനും സാധിച്ചു. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് പ്രസിഡന്റ് പ്രകാശ് പി. സാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.