പത്തനംതിട്ട: പനിബാധിതരുടെ എണ്ണം ഉയരുമ്പോഴും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പ്രഹസനമാകുന്നു. നടത്തുക്കുന്നത് കലക്ടറേറ്റിലടക്കം നടക്കുന്ന യോഗങ്ങളും കൈക്കൊണ്ട തീരുമാനങ്ങളുടെ അറിയിപ്പും മാത്രം.തീരുമാനങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ സംവിധാനങ്ങളില്ല. തീരുമാനം എടുത്ത് അറിയിപ്പ് നൽകുന്നവർ അതിന് മിനക്കെടുന്നുമില്ല. പനിമൂലം ജില്ലയിൽ മരണം ഒമ്പതായി. എന്നിട്ടും ശൂചീകരണ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദേശമോ സഹായമോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എല്ലാവർഷവും നടത്തുന്ന പ്രവർത്തനങ്ങൾപോലും ഇത്തവണ നടക്കുന്നില്ല.
കോളനികളടക്കം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളുള്ളിടത്തുപോലും ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകളോ ചികിത്സയോ നടക്കുന്നില്ല. ഈ പ്രദേശത്തെ പി.എച്ച്.സികളിലും സി.എച്ച്.സികളിലും ആവശ്യത്തിന് ഡോക്ടർമാർപോലുമില്ല.ഡെങ്കിപ്പനിക്ക് 11 ഹോട്സ്പോട്ടുകൾ കഴിഞ്ഞ ദിവസം ജില്ലയിൽ പുറത്തുവിട്ടിരുന്നു. എലിപ്പനി, എച്ച്1 എൻ1 രോഗബാധിത പ്രദേശങ്ങൾ ഏതൊക്കെയെന്ന് അതത് പഞ്ചായത്തിനെ പോലും അധികൃതർ അറിയിക്കുന്നില്ല.
ജില്ലയിൽ പനികൊണ്ട് നിറയുകയാണ് ആശുപത്രി വാർഡുകൾ. ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിൽ പനിരോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.എന്നാൽ, ആരോഗ്യവകുപ്പിന്റെ സൈറ്റിൽ വിരലിലെണ്ണാവുന്ന രോഗികളെ മാത്രേ അഡ്മിറ്റ് ചെയ്തതായി കാണിച്ചിട്ടുള്ളൂ. ഇക്കാരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ പനി വ്യാപനത്തിന്റെ തോത് മനസ്സിലാക്കാൻ കഴിയുന്നുമില്ല. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള തുടർനിർദേശങ്ങളോ വിലയിരുത്തലോ നടക്കുന്നില്ല.
പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് കൊതുക് നശീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നീക്കവും നടത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മരണം നടന്നിട്ടും വകുപ്പ് നേരിട്ടുള്ള ഇടപെടലുകൾ നടത്തുന്നില്ല. കണക്കുകൾ കുറച്ച് പുറത്തുവിടുന്നുവെന്നല്ലാതെ ഒരുവിധ ക്രമീകരണങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നില്ല. മഴപെയ്തതോടെ അപ്പർകുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കവും നഗരപ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.