പത്തനംതിട്ട: ദേശീയോദ്യാനങ്ങൾക്കും വനഭൂമിക്കും ചുറ്റുമുള്ള നിർദിഷ്ട കരുതൽ മേഖല പ്രദേശത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കേ വനഭൂമിയുടെ വിസ്തൃതികൂട്ടാൻ നഗര-ഗ്രാമമേഖലകളിലെ റവന്യൂ ഭൂമി റിസർവ് വനമായി മാറ്റുന്ന വനം വകുപ്പ് നടപടിയിൽ ആശങ്ക.
നിലവിൽ കോന്നി വനം ഡിവിഷൻ പരിധിയിൽ ടൗണിൽ സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമി ഇതിനകം റിസർവ് വനമായി മാറി ക്കഴിഞ്ഞു. നിലവിൽ കരുതൽ മേഖല സംബന്ധിച്ച് സർവേനമ്പറുകൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും ആശങ്ക തുടരുമ്പോഴാണ്, നഗരഭൂമികളും വനമായി മാറ്റപ്പെടുന്നത്.
കോന്നി വനം ഡിവിഷൻ പരിധിയിൽ വരുന്ന കോന്നി ആനക്കൂട് സ്ഥിതി ചെയ്യുന്ന 10 ഏക്കർ സ്ഥലത്തിനു പുറമെ പുനലൂർ-മൂവാറ്റുപുഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന എലിയറക്കലെ സോഷ്യൽ ഫോറസ്ട്രീ ആസ്ഥാനം, ടൗണിലെ ഡി.എഫ്.ഒയുടെ വസതി സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് മുരുപ്പ് ഭാഗം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ് ഇവിടേക്കുള്ള പാത എല്ലാം ഇനി റിസർവ് വനത്തിന്റെ ഭാഗമാണ്. ടൗണിൽ പൊലീസ് സ്റ്റേഷനു സമീപം വനം വകുപ്പ് റിസർച് വനഭൂമി എന്ന ബോർഡും സ്ഥാപിച്ചു.
അതിനിടെ തണ്ണിത്തോട്, തേക്കുത്തോട്, കൊക്കാത്തോട് പോലെയുള്ള വനമേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പരമാവധി ജനവാസം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളും തകൃതിയിലാണ്. സ്വയം കാടിറങ്ങുന്നവർക്ക് 15 ലക്ഷം രൂപയാണ് നൽക്കുക. നിലവിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന വനഗ്രാമങ്ങളിലെ ഭൂരിപക്ഷം ജനങ്ങൾക്കും നിയമാനുസൃതം പട്ടയം ഉൾപ്പെടെ ഉണ്ടെങ്കിലും പുതിയ പദ്ധതികൾക്കോ, മരങ്ങൾ മുറിക്കാനോ വലിയ നിർമാണങ്ങൾ നടത്താനോ അനുമതിയില്ല. 80 വർഷത്തിലധികമായി റവന്യൂ ഭൂമിയായി കിടന്ന പ്രദേശങ്ങളാണ് ഇപ്പോൾ റിസർവ് വനഭൂമിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.