കോന്നി: ശബരിമല മകരവിളക്ക് കാലം ആരംഭിച്ചതോടെ കോന്നിയിലെ കാനന പാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധന. വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തർ പരമ്പരാഗത കാനന പാതയിലൂടെ ശബരിമലക്ക് പോകുന്നുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ് ഇവരിൽ കൂടുതലും. തിരുമലകോവിൽ വഴി അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി ദർശനം കഴിഞ്ഞ് അച്ചൻകോവിൽ തുറ വഴി ഉൾവനത്തിലൂടെ കല്ലേലി എത്തി നടുവത്തുമൂഴി, കുമ്മണ്ണൂർ കോന്നി വഴിയും ചിലർ കല്ലേലി വഴി മുരിങമംഗലം ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിൽ എത്തി വിശ്രമിച്ച ശേഷം തണ്ണിത്തോട്-ചിറ്റാർ-സീതത്തോട്-ആങ്ങമൂഴി വഴി പ്ലാപ്പള്ളിയിൽ എത്തിയും ശബരിമലക്ക് പോവുന്നു.
ഈ രണ്ട് വഴികളിൽ കൂടിയും ഭക്തർ വന്നുതുടങ്ങിയിട്ടുണ്ട്. മണ്ഡലകാലത്ത് നിരവധി ഭക്തർ കടന്നുപോകുന്ന ഈ പാതയിൽ ചിലയിടങ്ങളിൽ വെളിച്ചക്കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോന്നി തണ്ണിത്തോട് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്രകാശിക്കുന്നില്ല. വന്യമൃഗ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ വെളിച്ചം കുറയുന്നത് കാൽനടയായി വരുന്ന ഭക്തർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള ഭാഗങ്ങളിൽ വനമേഖലയായതിനാൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് സാധാരണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.