കട്ടപ്പന: ജില്ലയിലെയും തമിഴ്നാട്ടിലെയും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ നാലു പേർ അറസ്റ്റിൽ. കാഞ്ചിയാർ പാലാക്കട പുത്തൻപുരക്കൽ റൊമാരിയോ (29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ(33), പേഴുംകവല പ്രസീദ് ബാലകൃഷ്ണൻ (38), ചെല്ലാർകോവിൽ ഒന്നാംമൈൽ അരുവിക്കുഴിവീട്ടിൽ സിജിൻ മാത്യു(30) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നിവിടങ്ങളിൽ ഇവർ വ്യാജസ്വർണാഭരണങ്ങൾ നർമിച്ച് ധനകാര്യസ്ഥാപനങ്ങളിൽ പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി വരുകയായിരുന്നു. നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരുകയായിരുന്നു.
കഴിഞ്ഞദിവസം ശ്യാംകുമാറിനെ സംശയത്തിന്റെ പേരിൽ പിടികൂടി ചോദ്യംചെയ്തപ്പോൾ ഇയാളുടെ കൈയിൽ കണ്ടെത്തിയ പതിനഞ്ചോളം വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പണയംവെച്ച രസീതുകൾ പരിശോധിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ റൊമാരിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ തന്റെ പരിചയക്കാരനായ സ്വർണപ്പണിക്കാരനെക്കൊണ്ട് പെട്ടെന്ന് തിരിച്ചറിയാത്ത വിധം കനത്തിൽ സ്വർണം പൂശിയ വ്യാജസ്വർണമാണ് പണയംവെക്കുന്നതെന്നും പെട്ടെന്നുള്ള പരിശോധനയിൽ തിരിച്ചറിയാൻ പറ്റില്ലെന്നും പറഞ്ഞു.
സ്വർണം പണയംവെക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് 2000 രൂപ പ്രതിഫലം കൊടുക്കും.സ്വർണപ്പണിക്കാരന് ഒരു ആഭരണം പണിയുമ്പോൾ 6500 രൂപ പ്രതിഫലമായി കൊടുക്കുമായിരുന്നു എന്നും റൊമാറിയോ പറഞ്ഞു. ഇടുക്കിയിൽ ഇരുപതോളം സ്ഥാപനങ്ങളിൽ നിലവിൽ 25 ലക്ഷത്തോളം രൂപയുടെ വ്യാജസ്വർണം പണയംവെച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കൂടുതൽ മേഖലയിലെ സ്ഥാപനങ്ങളിൽ വ്യാജസ്വർണം പണയം വെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.