പത്തനംതിട്ട: ജില്ലയിലെ നാല് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പി.എച്ച്.സി) കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നെടുമ്പ്രം, കുറ്റൂർ, സീതത്തോട്, പ്രമാടം പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് സി.എച്ച്.സിയായി ഉയർത്തുന്നത്. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11.30ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. ഇതോടെ ജില്ലയിൽ 25 കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ടാകും. നവകേരള കർമ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എല്ലാവർക്കും പ്രാപ്യവും സമഗ്രവും ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്.
ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപയും പ്രളയ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.32 ലക്ഷം രൂപയും ചെലവഴിച്ചാണ് നേടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്ന് 14 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി നൽകിയ 3.93 ലക്ഷം രൂപയും ചെലവഴിച്ച് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. സീതത്തോട് കേന്ദ്രത്തിൽ ആരോഗ്യകേരളം പദ്ധതിയിൽനിന്ന് 16.02 ലക്ഷവും പഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചെലവഴിച്ചു. പ്രമാടത്ത് നവീകരണങ്ങൾക്കായി ആരോഗ്യകേരളം ഫണ്ടിൽനിന്ന് 15.5 ലക്ഷം രൂപ വിനിയോഗിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതുമാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. നെടുമ്പ്രം, കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാദേശിക പരിപാടിയിൽ മാത്യു ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. പ്രമാടം, സീതത്തോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ശിലാഫലക അനാച്ഛാദനം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.