പത്തനംതിട്ട: സാമ്പത്തിക ക്രമമേക്കട് നടത്തി പൂട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ പി.ആർ.ഡി, ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ് കേസുകളിൽ ഹൈകോടതി മുൻകൂർ ജാമ്യം തള്ളിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ഇവർ തെളിവുകൾ നശിപ്പിക്കുമെന്നും നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സഹോദരങ്ങൾ ഉടമകളായ ഇരു സ്ഥാപനങ്ങളുടെയും തട്ടിപ്പുകളിൽ 400ഓളം കുടുംബംഗങ്ങളാണ് കുടുങ്ങിയത്. സംസ്ഥാനമെങ്ങും വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ധനകാര്യ സ്ഥാപന ഉടമകളായ ഒന്നാം പ്രതി ഗോപാലകൃഷ്ണനും ഇയാളുടെ മകനും രണ്ടാം പ്രതിയുമായ ഗോവിന്ദും ജയിലിലാണ്. മറ്റ് ഡയറക്ടർമാരും കേസുകളിലെ മൂന്നും നാലും അഞ്ചും പ്രതികളായ ഗോപാലകൃഷ്ണന്റെ ഭാര്യ സിന്ധുനായർ, ഗോവിന്ദന്റെ ഭാര്യ ലേഖ ലക്ഷ്മി, സഹായി ചന്ദ്രമോഹൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈകോടതി തള്ളിയത്.
രാഷ്ട്രീയ സ്വാധീനവും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയുടെയും ഭാഗമായി മൂന്നുപ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. നിക്ഷേപകരുടെ പണം മുടക്കിയ തിരുവല്ല, പുല്ലാട് എന്നിവിടങ്ങളിലെ സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മൂവരും ചേർന്ന് ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയതായി ഇവർ ആരോപിച്ചു. കേരളത്തിന് പുറത്തുള്ള ഏതോ സ്ഥാപനത്തിൽ സ്വർണ ഉരുപ്പടികൾ പണയം വെച്ച് നിക്ഷേപകർക്ക് നൽകുമെന്നാണ് ഉടമകളുടെ വാഗ്ദാനം. എന്നാൽ ഇതുവരെ ആർക്കും പണം തിരികെ ലഭിച്ചിട്ടില്ല. ബഹ്റൈനിൽ അടുത്ത ബന്ധുക്കൾ നടത്തുന്ന കമ്പനിയിലേക്ക് ലേഖ ലക്ഷ്മി പണം കടത്തിയതായും നിക്ഷേപ കൂട്ടായ്മ ആരോപിച്ചു.
വൃക്കരോഗികളും അർബുധ ബാധിതരുമായ നിരവധി നിക്ഷേപകർ ചികിത്സിക്കാൻ പണമില്ലാതെ വലയുകയാണ്. പണം നഷ്ടപ്പെട്ട പുല്ലാട്, മാലക്കര, കുളനട പ്രദേശങ്ങളിലെ മൂന്നു പേർ ഇക്കാലയളവിൽ മാനസിക വിഷമത്താൽ ജീവനൊടുക്കിയതായും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ഗോപാലകൃഷ്ണന്റെ തെള്ളിയൂരിലെ വീടും അനുബന്ധ പുരയിടവും കോടതിയിൽ നിന്ന് അറ്റാച്ച് ചെയ്ത് നോട്ടീസ് പതിച്ചിട്ടുണ്ട്. തെള്ളിയൂർ വൃശ്ചിക വാണിഭം നടക്കുന്ന ഭൂമിയിൽ ഗോപാലകൃഷ്ണൻ അവകാശവാദം ഉന്നയിച്ചാൽ പ്രക്ഷോഭം നടത്തുമെന്നും നിക്ഷേപക കൂട്ടായ്മ പ്രസിഡന്റ് കെ.എം. മാത്യൂ പുല്ലാട്, വൈസ് പ്രസിഡന്റ് ഡാനിയൽ തോമസ് വെൺമണി, ജനറൽ സെക്രട്ടറി കെ.വി. വർഗീസ് കാവുംഭാഗം, ട്രഷറർ എം.ജി. അജയ കുമാർ പുല്ലാട്, കമ്മിറ്റി അംഗം രതീഷ് കിടങ്ങന്നൂർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.