വടശ്ശേരിക്കര: ജനവാസമേഖലയിലെ വനത്തിൽ മാലിന്യം തള്ളുന്നത് മൂലം തെരുവുനായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. വനത്തിൽകൂടി കടന്നുപോകുന്ന പ്രധാന വഴിയരികുകളിലെല്ലാം പട്ടാപ്പകൽ മാലിന്യം വലിച്ചെറിഞ്ഞിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലന്നാണ് പരാതി. പെരുനാട്-പെരുന്തേനരുവി റോഡിലെ കുടമുരുട്ടിക്കും ഉന്നത്താനിക്കും ഇടയിലുള്ള വനപ്രദേശമാണ് മാലിന്യക്കൂമ്പാരമായത്. ഗാർഹിക മാലിന്യം കൂടാതെ കാറ്ററിങ് സർവിസുകാരും കോഴിക്കടക്കാരും മാലിന്യം ചാക്കിൽകെട്ടി ഇവിടെ കൊണ്ടുതള്ളുന്നു. ജൈവവൈവിധ്യ പ്രാധാന്യമുള്ള ചെറുവനമാണിത്.
വനത്തിനു ചുറ്റും നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന ജനവാസ മേഖലക്ക് ഇവിടുത്തെ മാലിന്യം തള്ളൽ വൻഭീഷണിയാണ് ഉയർത്തുന്നത്. കാടുമൊത്തം പ്ലാസ്റ്റിക് മാലിന്യം നിരത്തിയിട്ടിരിക്കുന്നത് വനത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്ക് പോകുന്ന പ്രധാന റോഡായിട്ടുകൂടി റോഡിനിരുവശവും കുമിയുന്ന മാലിന്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇവിടെ കാമറ സ്ഥാപിക്കണമെന്ന് ആവിശ്യം ഉയർന്നിട്ടും നാളുകളായി. പഞ്ചായത്തിന് പുറത്തുനിന്നുപോലും മാലിന്യം തള്ളാൻ ഇവിടേക്ക് വാഹനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.