പത്തനംതിട്ട: ഓണവിപണിയും ഇഞ്ചി കർഷകരെ തുണച്ചില്ല. ഓണനാളുകളില്‍ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നാടന്‍ ഇഞ്ചിക്ക് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. പലരും വൻതുക വായ്പ എടുത്താണ് കൃഷിക്കിറങ്ങിയത്. തുച്ഛമായ വിലയ്ക്ക് ഇഞ്ചി വാങ്ങിക്കൊണ്ടുപോകാന്‍ ആളെത്തിയെങ്കിലും കര്‍ഷകര്‍ വിറ്റില്ല.
കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 100 രൂപക്ക് മുകളില്‍ വരെ വിലയുണ്ടായിരുന്ന നാടന്‍ ഇഞ്ചിയാണ് ഇത്തവണ 50-60 രൂപയില്‍ ഇഴയുന്നത്. ഇതാകട്ടെ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ലോക്ഡൗണില്‍ ഇഞ്ചികൃഷി വ്യാപകമായിരുന്നു. ഇതോടെ നാട്ടിന്‍പുറങ്ങളില്‍ ഇഞ്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞു. സ്വന്തം ആവശ്യത്തിനുള്ള ഇഞ്ചി നാട്ടിന്‍പുറങ്ങളില്‍ തന്നെ ഉൽപാദിപ്പിച്ചു തുടങ്ങി.
മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ പലരും മറ്റു വിളകള്‍ ഉപേക്ഷിച്ച് ഇഞ്ചി കൃഷി ചെയ്തുതുടങ്ങി. വിളവെടുപ്പ് തുടങ്ങിയതോടെ വടക്കന്‍ ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ഇഞ്ചി വിൽപനക്കാര് വിപണികളിലെത്തി. ഇതോടെ വിലയും ഇടിഞ്ഞു. ഇഞ്ചിയുടെ പൊതുമാര്ക്കറ്റുകളിലേക്ക് ആരും എത്തുന്നില്ല. തമിഴ്നാട്ടില്‍നിന്ന് എത്തുന്ന സംഘം മുമ്പ് കേരളത്തിലെ ഇഞ്ചി വാങ്ങിയിരുന്നു.
എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് ഇത്തരക്കാര്‍ എത്തുന്നില്ല. ഇഞ്ചിയുടെ പ്രധാന വിപണികളായ റാന്നി, മുക്കൂട്ടുതറ, പറക്കോട്, വകയാര്‍ മാര്‍ക്കറ്റുകളില്‍ വിൽപന നേരത്തെതന്നെ ഇടിഞ്ഞു. വീടുകളില്‍നിന്ന് ഇഞ്ചി ശേഖരിക്കാന്‍ ആരും തയാറാകുന്നില്ല. ഓണത്തിനു പോലും കിലോഗ്രാമിന് 50 രൂപയിലധികം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ വന്‍തോതില്‍ ഇഞ്ചിയുടെ വിളവെടുപ്പ് ജില്ലയില്‍ നടന്നിരുന്നു.
ഇവയെല്ലാം വിൽപന നടത്താതെ കെട്ടിക്കിടക്കുകയാണ്. ഇഞ്ചി ഉണക്കി ചുക്ക് ആക്കാനും കാലാവസ്ഥ അനുകൂലമല്ല. കിലോഗ്രാമിന് പരമാവധി 1700 രൂപയാണ് ചുക്കിന് വില. മഴ തുടരുന്നതിനാൽ ഇതിനും കഴിയാതെ കര്‍ഷകർ വിഷമവൃത്തത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.