പത്തനംതിട്ട: ഹരിതകർമ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരൽകുന്നിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലതല ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വാര്‍ഡിൽ രണ്ട് എന്നാണ് സേനാംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ജില്ലയിൽ ഇതിലും കുറവാണ്. ഹരിതകർമ സേനക്ക് ജില്ലയിൽ 100 ശതമാനം കവറേജും ന്യായമായ വരുമാനവും ലഭിക്കാൻ നടപടി സ്വീകരിക്കണം. വരുമാന വർധനക്ക് മറ്റു മാര്‍ഗങ്ങൾ കണ്ടെത്തണം. ഇതിനായി വൈവിധ്യമാര്‍ന്ന സംരംഭങ്ങൾ ആലോചിക്കണം.
ജില്ലയിൽ ഉറവിട മാലിന്യ സംസ്കരണ സൗകര്യങ്ങളുള്ള വീടുകൾ കുറവാണ്. ഇത് പരമാവധി വീടുകളിലേക്ക് വ്യാപിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്‍കൈയെടുക്കണം. ഓരോ പഞ്ചായത്തിലും ഒരു വാര്‍ഡ് പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കണം. പിന്നെ പഞ്ചായത്ത്, നഗരസഭ എന്ന നിലക്ക് മുന്നോട്ടുപോകണം. വിദ്യാലയങ്ങളുടെ പരിസരങ്ങൾ വൃത്തിയാക്കാൻ എന്‍.എസ്.എസ്, എസ്.പി.സി, പരിസ്ഥിതി ക്ലബുകള്‍ തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്. ഏറ്റവും നന്നായി മാലിന്യ സംസ്കരണം നടത്തുന്ന പഞ്ചായത്ത്, വാര്‍ഡ്, റെസിഡന്റ്സ് അസോസിയേഷന്, വീട് എന്നിങ്ങനെ സമ്മാനവും നല്‍കാം. ഭൗതിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവ സമയബന്ധിതമായി നടപ്പാക്കി മുന്നോട്ടുപോകാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞാല്‍ സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് തദ്ദേശ സ്ഥാപന അധ്യക്ഷരുമായി മന്ത്രി സംവദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ സംസാരിച്ചു. ജില്ല ആസൂത്രണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശിൽപശാലയില് ജില്ലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ അധ്യക്ഷര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ജില്ല റിസോഴ്സ് പേഴ്സൻസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബുധനാഴ്ച നടന്ന പ്ലീനറി സമ്മേളനത്തില്‍ കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.