പത്തനംതിട്ട: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിലേക്ക് നടപ്പാക്കിയ പദ്ധതികള്‍ ഗുണകരമായെന്ന് വിലയിരുത്തല്‍. സംസ്ഥാനത്ത് വിജയശതമാനത്തില്‍ പിന്നിലായിരുന്ന ജില്ല ഇക്കുറി പത്താം സ്ഥാനത്തേക്ക് ഉയരാനിടയായത് പദ്ധതി പ്രവര്‍ത്തനം കൊണ്ടാണെന്ന് വിലയിരുത്തല്‍. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് പിന്നാക്കം പോയെങ്കിലും സംസ്ഥാനത്ത് പൊതുവെ ഉണ്ടായ കുറവാണ് ജില്ലയെയും ബാധിച്ചതെന്ന് പറയുന്നു. പ്ലസ് ടു ഫലത്തില്‍ സംസ്ഥാനതലത്തിലെ മികച്ച 50 സര്‍ക്കാര്‍ സ്കൂളുകളുടെ പട്ടികയില്‍ മേഖലയിലെ 12 സ്കൂളും എയ്ഡഡ് മേഖലയിലെ ആദ്യ 250ല്‍ 10 സ്കൂളും ഉള്‍പ്പെട്ടുവെന്നത് അഭിമാനകരമായ നേട്ടമായി.
പ്ലസ് ടു ഫലത്തില്‍ ശരാശരിയിലും പിന്നിലായ പതിനഞ്ചോളം സ്കൂളുകളിലെ പ്രിന്‍സിപ്പൽമാരെയും സീനിയര്‍ അധ്യപികയെയും വിളിച്ചു ചേര്‍ത്ത് ജില്ല ആസ്ഥാനത്ത് യോഗം ചേര്‍ന്ന് പദ്ധതി അവതരിപ്പിച്ചെങ്കിലും പലരും ഇതിനോടു പുറംതിരിഞ്ഞു. എന്നാല്‍, നല്ലൊരു പങ്ക് സ്കൂളുകള്‍ സഹകരിക്കാന്‍ തയാറായതോടെ ആർ.ഡി.ഡി നേതൃത്വത്തില്‍ കൃത്യമായ തുടര്‍ഇടപെടൽ നടത്തി.
ജില്ല കോഓഡിനേറ്റര്‍, സബ് ജില്ല പ്രിന്‍സിപ്പല്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍ മികച്ച സഹകരണം നല്കി. കൃത്യമായ സ്കൂള്‍ സന്ദര്‍ശനവും പരിശോധനയും നടത്തി. പി.ടി.എകളെയും രക്ഷിതാക്കളെയും അധ്യയന പ്രക്രിയയില്‍ എത്തിക്കാന്‍ സാധിച്ചത് ഗുണകരമായ മാറ്റമായിരുന്നു. കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സലിങ്ങും നല്കി. ഈ മുന്നേറ്റത്തിനിടയിലും ചില സ്കൂളുകള്‍ വേണ്ടത്ര രീതിയില്‍ സഹകരിക്കാതിരുന്നത് ചെറിയ രീതിയിലെങ്കിലും ഫലത്തെ ഇക്കുറിയും ബാധിച്ചിട്ടുണ്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍.
ജില്ലയിലെ മികച്ച സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ശരാശരി നിലവാരത്തിലും താഴെയുള്ളവരും ഉയര്‍ന്ന പഠനത്തിന് അര്‍ഹത നേടാന്‍ സാധ്യത കുറവുള്ളതുമായ കുട്ടികളെ കണ്ടെത്തുകയും അവരുടെ പഠനം മെച്ചപ്പെടുത്താന്‍ പദ്ധതി തയാറാക്കുകയും ചെയ്തായിരുന്നു ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഉന്നതി പദ്ധതി നടപ്പാക്കിയത്. ഇത്തരം കുട്ടികളുടെ എണ്ണം കൂടുതലാണെന്നു കണ്ടതോടെ അവരെ ലക്ഷ്യംവെച്ച് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാറിന്റെയും പ്രിന്‍സിപ്പൽമാരുടെയും നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ ‘ഉന്നതി ’എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ജില്ല കോഓഡിനേറ്റര്‍ സജി വര്‍ഗീസും മറ്റ് ഏഴ് പ്രിന്‍സിപ്പൽമാരും ഉള്‍പ്പെട്ട ഒരു കോര്‍ കമ്മിറ്റി ഇതിനായി രൂപവത്കരിച്ചു.
ഉന്നതിയിലെ പഠന സാമഗ്രി നിര്‍മാണത്തിന്ന് അക്കാദമിക നേതൃത്വം ഡോ. അജിത് ആര്. പിള്ളക്കായിരുന്നു. പ്രിന്‍സിപ്പല്‍ ഫോറം പ്രസിഡന്റ് ഗോപകുമാര്‍ മല്ലേലില്‍, സെക്രട്ടറി ശ്രീമതി ജയ മാത്യൂസ്, ഹയര്‍ സെക്കന്‍ഡറി ജില്ല അസി. കോഓഡിനേറ്റര്‍ സി. ബിന്ദു എന്നിവര്‍ മേല്‍ നോട്ടം വഹിച്ചു. സ്വയം തയാറായി മുന്നോട്ടു വന്ന വിവിധ വിഷയങ്ങളിലെ 55 അധ്യാപകരെ തെരഞ്ഞെടുത്ത് അവര്‍ക്കായി ഏകദിന ശിൽപശാല നടത്തി പ്രോജക്ട് തയാറാക്കപ്പെട്ടു. ഓരോ വിഷയവും ആയാസരഹിതമായി ശരാശരിയില്‍ താഴെ നില്ക്കുന്ന കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അവരുടെ നിലവാരമനുസരിച്ച് പഠനസഹായി തയാറാക്കി സ്കൂളിലും എത്തിച്ചു.
പത്തനംതിട്ട ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്റെയും വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്മാന് ആര്. അജയകുമാറിന്റെയും നേതൃത്വത്തില്‍ ജില്ല പഞ്ചായത്ത് നടത്തിയ ‘നമ്മളെത്തും മുന്നിലെത്തും’ എന്ന പദ്ധതി ഇതേസമയം തന്നെ ശരാശരിയും അതിന് മുകളില്‍ നില്ക്കുന്നതുമായ കുട്ടികള്‍ക്കായി നടപ്പിലാക്കി.
പിന്നാക്കം പോയ സ്കൂളുകളെ അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രത്യേകം ശ്രദ്ധയൂന്നി പദ്ധതി തയാറാക്കും. എല്ലാ തലത്തിലുമുള്ള കുട്ടികള്‍ക്കും ശ്രദ്ധ കിട്ടത്തക്ക രീതിയില്‍ വര്‍ഷാരംഭം മുതല്‍ പദ്ധതി നടപ്പാക്കും. അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യയന പ്രക്രിയകളില്‍ സജീവമാകുന്നതിന് പ്രാധാന്യം നല്‍കും. കുട്ടികളിലെ സംഘര്‍ഷങ്ങളും പ്രയാസങ്ങളും കുറച്ചുകൊണ്ടുവന്ന് നല്ല പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ കുടുംബങ്ങളുടെയും പിന്തുണ അനിവാര്യമായതിനാലാണ് രക്ഷിതാക്കളുടെ പൂര്‍ണ സഹകരണം തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.