പത്തനംതിട്ട: ഒരു മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ഉന്നതമായ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്ളപ്പോഴും സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രികള്‍ റഫറല്‍ കേന്ദ്രങ്ങളായി മാറുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ജില്ലയിലുള്ളത്. വര്‍ഷം തോറും ലക്ഷണക്കിനാളുകള്‍ വരുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികൾ അടിസ്ഥാന സൗകര്യങ്ങളിൽ വളർന്നിട്ടില്ല.
ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ആശുപത്രികള്‍ റഫറല്‍ കേന്ദ്രങ്ങളായി മാത്രം മാറുന്നതിനെതിരെയുള്ള പരാതികള്‍ പരിഗണിക്കപ്പെടുന്നത് പോലുമില്ലെന്നാണ് ആക്ഷേപം.
പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ല ആശുപത്രി എന്നിവയാണ് ജില്ലയില്‍ പൂര്‍ണതോതില്‍ സജ്ജമായ പ്രധാന ആശുപത്രികള്‍. കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളേറെ ആയെങ്കിലും അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ ഇപ്പോഴും പൂര്‍ണസജ്ജമല്ല.
അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളും 24 മണിക്കൂറും സജ്ജമായ ആശുപത്രികളാണ്. എന്നാല്‍, അടിയന്തര ചികിത്സ ആവശ്യമായവരെയും അത്യാഹിതങ്ങളില്പെടുന്നവരെയും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുന്ന പ്രവണതയാണ് നിലവിലുള്ളത്. കിടത്തിച്ചികിത്സ സംവിധാനങ്ങളിലെ പോരായ്മയും റിസ്ക് ഏറ്റെടുക്കുന്നതിലെ വൈമനസ്യവുമാണ് ഇതിനു പ്രധാന കാരണം. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, തിരുവല്ല ആശുപത്രികളില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്യുന്നത്. അടൂരില്‍നിന്ന് ഏറെയും തിരുവനന്തപുരത്തേക്കാണ് അയക്കുന്നത്. പോസ്റ്റ്മോര്‍ട്ടം സൗകര്യംപോലും ജില്ലയില്‍ ചില ദിവസങ്ങളില്‍ ലഭിക്കാറില്ല. ഒരു പൊലീസ് സര്ജന് മാത്രമാണ് ജില്ലയിലുള്ളത്.
എന്നാല്‍, കോന്നി മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്ജന്മാര് മൂന്ന് പേരുണ്ട്. ഇവരുടെ സേവനം പുറത്തേക്ക് ലഭിക്കാറില്ല. കോന്നി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടി തുടങ്ങിയിട്ടുമില്ല.
നാലുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇപ്പോഴും ചികിത്സ രംഗത്ത് നോക്കുകുത്തിയാണ്. കോന്നി മെഡിക്കല്‍ കോളജിലേക്ക് ജില്ലയിലെ ഒരു ആശുപത്രിയില്‍നിന്ന് രോഗികളെ റഫര്‍ ചെയ്യാറില്ല. കോന്നിയിലെത്തുന്നവരെ താലൂക്ക് ആശുപത്രിയിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.
കോന്നിയില്‍ അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വിഭാഗം, രക്തബാങ്ക് ഇവ സജ്ജീകരിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്താനുള്ള ബുദ്ധിമുട്ടും അടിയന്തര ഘട്ടങ്ങളിലെ ചികിത്സ നല്‍കേണ്ട സംവിധാനം പൂര്‍ണസജ്ജമാകാത്തതും ഡോക്ടര്‍മാരുടെ കുറവും തടസ്സമായി നില്‍ക്കുകയാണ്.
കോന്നി മെഡിക്കല്‍ കോളജില്‍ ഏതെല്ലാം തരത്തില്‍ ചികിത്സ ലഭ്യമാകുമെന്നോ കിടത്തിച്ചികിത്സയുടെ വിവരങ്ങളോ പുറത്തുവിടാനും അധികൃതര്‍ തയാറാകുന്നില്ല. ആയിരത്തോളം ആളുകള്‍ പ്രതിദിനം ഒ.പിയില്‍ എത്തുന്നുണ്ട്. ഇതില്‍ വളരെക്കുറച്ച് ആളുകളെ കിടത്തിച്ചികിത്സക്കും വിധേയമാക്കാറുണ്ട്. എം.ബി.ബി.എസ് രണ്ട് ബാച്ചും നഴ്സിങ് കോളജും ഉള്ളതിനാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യവുമാണ്.
സ്പെഷാലിറ്റി ഡോക്ടര്‍മാരുണ്ടെങ്കിലും ഇവരുടെ സേവനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. ഐ.പി വിഭാഗത്തില്‍ അധികമാളുകളെ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും തയാറാകുന്നില്ല. എം.ബി.ബി.എസിന്റെ അടുത്ത ഒരു ബാച്ച് കൂടി എത്തുമ്പോള്‍ രോഗികള്‍ ഇല്ലാതെ വരുന്നത് കുട്ടികളുടെ പഠനത്തിനു ബുദ്ധിമുട്ടാകും. വിദേശരാജ്യങ്ങളില്‍ പഠിച്ച് ഹൗസ് സര്‍ജന്‍സിക്ക് എത്തുന്ന കുട്ടികളെ ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് അയക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനു പിന്നാലെ സജ്ജീകരണത്തിലും സംവിധാനങ്ങളിലും കുറവുണ്ടായി. കിടത്തിച്ചികിത്സ വിഭാഗത്തിലെ കിടക്കകളുടെ എണ്ണത്തിലും കുറവുണ്ട്. നേരത്തേ 300 കിടക്ക ആശുപത്രിയില്‍ സജ്ജമായിരുന്നു. ജനറല്‍, പേവാര്‍ഡ് കിടക്കകളില്‍ ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ട്. പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടി പഴയ ഒ.പി ബ്ലോക്ക് പൊളിച്ചതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന സംവിധാനങ്ങള്‍ മറ്റു കെട്ടിടങ്ങളിലേക്കു മാറ്റിയതോടെയാണ് കിടക്കകളുടെ എണ്ണം കുറഞ്ഞത്. കാര്‍ഡിയോളജി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങള്‍ പരിമിതികള്‍ക്കു നടുവിലാണ് പ്രവര്‍ത്തിക്കുന്നത്.
മാമോഗ്രഫി അടക്കം ലഭ്യമായെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമില്ല. പുതിയ എക്സ്റേ മെഷീന് അടക്കം സ്ഥാപിക്കാനാകുന്നില്ല. അപകടങ്ങളിലും മറ്റും ചികിത്സ തേടിയെത്തുന്നവര്‍ക്ക് ട്രോമോ കെയര്‍ സംവിധാനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പത്തനംതിട്ടയില്‍നിന്ന് ഒരു രോഗിയെ കോട്ടയത്തേക്ക് റഫര്‍ ചെയ്താല്‍ എത്ര വേഗത്തില്‍ പോയാലും കുറഞ്ഞത് ഒരു മണിക്കൂര്‍ വേണ്ടിവരും.
മെച്ചപ്പെട്ട ചികിത്സ തേടി ജില്ലക്ക് പുറത്തുനിന്നുപോലും രോഗികള്‍ എത്തുന്ന കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലും കെട്ടിടം നിര്‍മാണത്തിന്റെ പേരില്‍ സൗകര്യം വെട്ടിക്കുറച്ചിരിക്കുകയാണ്.
പഴയ കെട്ടിടം പൊളിച്ചതോടെ ആകെയുള്ള രണ്ട് ബ്ലോക്കിലേക്ക് കാഷ്വൽറ്റിയടക്കമുള്ള പ്രവര്‍ത്തനം മാറ്റിയത് ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. ഇതോടെ കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ.
നേരത്തേ 236 കിടക്കയുണ്ടായിരുന്നു. നിലവില്‍ അത് 186 ആയി ചുരുങ്ങി. മുമ്പ് വാര്‍ഡായിരുന്ന എ ബ്ലോക്കില്‍ ഇപ്പോള്‍ കാഷ്വൽറ്റിയും ലാബും ഇ.സി.ജി യൂനിറ്റും പ്രവര്‍ത്തിക്കുന്നു. ബി ബ്ലോക്കിലാണ് ഒ.പിയും ലേബര്‍ റൂമും വനിതകളുടെ വാര്‍ഡും പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയോടു ചേര്‍ന്നുണ്ടായിരുന്ന അർബുദചികിത്സ വിഭാഗത്തിന്റെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി പദവികള്‍ മുറപോലെ നല്‍കിയിട്ടുണ്ട്. സ്പെഷാലിറ്റി ഒ.പി ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് ഒഴിച്ചാല്‍ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ജില്ലയില്‍ ഇല്ല. സ്പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ തസ്തികകള്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലും ഒഴിഞ്ഞുകിടക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജിലുള്ള സ്പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം പുറത്തേക്ക് നല്‍കാനാകുന്നില്ല. ഇവരെ ജില്ലയിലെ മറ്റ് ആശുപത്രികളില്‍കൂടി വിന്യസിക്കണമെന്നാവശ്യം ഉയര്‍ന്നെങ്കിലും വകുപ്പിനുള്ളിലെ സാങ്കേതികത്വത്തിന്റെ പേരില്‍ നടപ്പാക്കാനാത്ത സ്ഥിതിയാണ്.
താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാണെങ്കിലും പലപ്പോഴും ഇവിടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനമാകും അത്യാഹിത വിഭാഗങ്ങളിലുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.