പത്തനംതിട്ട: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത രോഗിയായ വീട്ടമ്മ ചികിത്സ സഹായത്തിനായി സുമനസ്സുകളുടെ കനിവ് തേടുന്നു. നാരങ്ങാനം കണമുക്ക് പുളിക്കത്തറയിൽ പരേതനായ നാരായണെൻറ മകൾ സിന്ധുവാണ് (49) പക്ഷാഘാതം വന്ന് തളർന്ന് ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നത്.
ഭർത്താവ് മരണപ്പെട്ട സിന്ധു തെൻറ മൂന്ന് പെൺമക്കളെ വിവാഹം ചെയ്ത് അയക്കാൻ സ്വന്തമായുണ്ടായിരുന്ന 40 സെൻറ് സ്ഥലം ബാങ്കിൽ പണയപ്പെടുത്തി. യഥാസമയം പണം ബാങ്കിൽ തിരിച്ചടക്കാതിരുന്നതു മൂലം സ്ഥലം ജപ്തി ചെയ്യപ്പെട്ടു. ഒരുതുണ്ട് ഭൂമി വാങ്ങണമെന്ന ഉദ്ദേശത്തോടെ സിംഗപ്പൂരിൽ വീട്ടുജോലിക്ക് പോയ സിന്ധുവിനെ ഭാഗ്യം അവിടെയും തുണച്ചില്ല.
മൂന്നുമാസം ആയപ്പോഴേക്കും പക്ഷാഘാതം ബാധിച്ചു തളർന്ന സിന്ധു അവിടെ ആശുപത്രിയിൽ എട്ടുദിവസം അബോധാവസ്ഥയിൽ കിടന്നു. ഒരു ഡോക്ടർ കുടുംബമാണ് സിന്ധുവിനെ ജോലിക്ക് കൊണ്ടുപോയിരുന്നത്. ആ കുടുംബം സിന്ധുവിനെ വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു.
രണ്ടരമാസം അവിടെ ചികിത്സയിൽ കഴിഞ്ഞു. 35 ലക്ഷത്തോളം രൂപ സിംഗപ്പൂരിൽനിന്ന് എത്തിച്ചതിനും ആശുപ്രതിയിലുമായി ചെലവായി. ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള നിരന്തര ചികിത്സക്ക് ശേഷം ഇപ്പോൾ കിടക്കയിൽ കഷ്ടിച്ച് എഴുന്നേറ്റ് ഇരിക്കുമെന്ന സ്ഥിതി ആയിട്ടുണ്ട്. വലതുകൈക്കും വലതു കാലിനുമായി അടിയന്തര മേജർ ശസ്ത്രക്രിയ നടത്തണമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
തുടർന്ന് ആയുർവേദ ചികിത്സയും നടത്തണം. നിത്യചികിത്സകൾക്കും മരുന്നുകൾക്കുമായി മാസം 15,000 രൂപ ചെലവാണ്. ശസ്ത്രക്രിയക്കും മറ്റുമായുള്ള തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഇപ്പോൾ. പെൺമക്കളുടെ ഭർത്താക്കന്മാർ മൂന്നുപേരും നിർധനരും കൂലിപ്പണിക്കാരുമാണ്.
സിന്ധുവിന് സ്വന്തമായി വീടും സ്ഥലവുമില്ല. നിർദേശിച്ചിരിക്കുന്ന ശസ്ത്രകിയയും തുടർ ചികിത്സയും നടത്തിയില്ലെങ്കിൽ ഇവരുടെ ശരീരത്തിെൻറ ചലനശേഷി പൂർണമായും നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആസ്ത്മ രോഗിയായ വൃദ്ധയായ മാതാവാണ് ഇപ്പോൾ സിന്ധുവിനെ പരിചരിക്കുന്നത്. സുമനസ്സുകളുടെ കനിവിനായി കാക്കുന്ന സിന്ധു നാരങ്ങാനം എസ്.ബി.ഐയിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67024596462. ഐ.എഫ്.എസ്.സി കോഡ്: SBIN 0070069. എസ്.ബി.ഐ നാരങ്ങാനം ബ്രാഞ്ച്. ഫോൺ: 8590064155, 9539743709.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.