പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരം നേരിടുന്ന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാനും പരിഹാരം കാണുവാനും ഭരണസമിതി നടപടിയെടുക്കുന്നില്ലായെന്ന പരാതിയുമായി പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിന്റെ ശൂന്യ വേളയിലാണ് പരാതികളുമായി യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയത്. നഗരം നേരിടുന്ന പൊതുവായ പ്രശ്നങ്ങളോ കുടിവെള്ള പ്രശ്നമോ ചർച്ച ചെയ്ത് പരിഹരിക്കാതെ ഭരണസമിതി നിസ്സംഗ മനോഭാവത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആരോപിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വൻതോതിൽ വയൽ നികത്തിയിട്ടും അനധികൃത കെട്ടിടങ്ങളും കച്ചവടങ്ങളും ദിനം പ്രതി ഉയർന്നിട്ടും നടപടിയില്ലാതെ ഭരണസമിതി നോക്കുകുത്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ പലഭാഗത്തും ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളം കിട്ടിയിട്ട് മാസങ്ങളായെന്നും പരിഹാരം കാണുവാൻ നടപടി വേണമെന്നും മറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
നഗരത്തിൽ നടക്കുന്ന പല സർക്കാർ ചടങ്ങുകളിലും വാർഡ് കൗൺസിലർമാരെ പോലും ക്ഷണിക്കുന്നില്ലായെന്നും പ്രോട്ടോകോൾ ലംഘനം നടക്കുന്നതായും അംഗങ്ങൾ പറഞ്ഞു. കുടുംബശ്രീ പ്രവർത്തനങ്ങൾ താറുമാറായതായും മുൻ കൗൺസിലുകളുടെ കാലത്ത് തുടങ്ങിയ പല പദ്ധതികളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ജല അതോറിട്ടിയുടെ യോഗം അടിയന്തിരമായി വിളിക്കുമെന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും പൊതുപരിപാടികളിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടാകാതിരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമെന്നും നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ ചർച്ചകൾക്ക് മറുപടി നൽകി. അംഗങ്ങളായ റോഷൻ നായർ, അംബിക വേണു, എം.സി ഷെരീഫ്, സിന്ധു അനിൽ, സി.കെ. അർജുനൻ, മേഴ്സി വർഗീസ്, ഷീന രാജേഷ്, ആൻസി തോമസ്, റോസ്ലിൻ സന്തോഷ്, ആനി സജി എന്നിവർ വിവിധ വിഷയങ്ങൾ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.