18 ഹോട്ടലുകളിൽ പരിശോധന; പ്രമുഖ ഹോട്ടലിന് 30,000 രൂപ പിഴ; കുമ്പഴയിൽ തട്ടുകട അടപ്പിച്ചു

പത്തനംതിട്ട: ചൊവ്വാഴ്ച ജില്ലയിലെ 18 ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പത്തനംതിട്ട കുമ്പഴയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച തട്ടുകട അടപ്പിച്ചു. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന് 30,000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി. പത്തനംതിട്ട, തിരുവല്ല, അടൂർ നഗരങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.

വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടലുകൾക്ക് താക്കീത് നൽകി പിഴചുമത്തി. ഭക്ഷ്യസുരക്ഷ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണർ എം.ടി ബേബിച്ചൻ, പത്തനംതിട്ട അസി. കമീഷണർ ടി.എസ്. വിനോദ്കുമാർ, ഫുഡ് ഇൻസ്പെക്ടർമാരായ പ്രശാന്ത്കുമാർ, അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരാതി അറിയിക്കാൻ പോര്‍ട്ടല്‍ വരുന്നു

പത്തനംതിട്ട: എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകംചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കും.

ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാര പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ, രജിസ്‌ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളിന്മേല്‍ കൃത്യമായി നടപടി സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പോര്‍ട്ടല്‍ തയാറാക്കിവരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വിഡിയോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും.

Tags:    
News Summary - Inspection of 18 hotels; Rs 30,000 fine for prominent hotel; The shop was closed in Kumbaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.