പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഒച്ചിഴയും വേഗത്തിൽ നിർമാണം നടക്കുന്ന അബാൻ മേൽപാലത്തിന്റെ തൂണുകൾക്കായി കെട്ടിയ ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നു. മേൽപാലത്തിന്റെ കോൺക്രീറ്റ് തൂണുകളിൽനിന്ന് മുകളിലേക്ക് നീട്ടിക്കെട്ടിയ കമ്പികളാണ് ഏറെനാളായി മഴയേറ്റ് തുരുമ്പിച്ചുതുടങ്ങിയത്.
46.50 കോടി ചെലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് റിങ് റോഡ് മുതൽ മുത്തൂറ്റ് ആശുപത്രി റോഡ് വരെ മേൽപാലം നിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്റെ നിർമാണച്ചുമതല. ജില്ല ആസ്ഥാനത്തെ ആദ്യ മേൽപാലമാണിത്.
2021 ഡിസംബറിലാണ് മേൽപാലത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. 18 മാസമായിരുന്നു നിർമാണ കാലാവധി. കുറച്ച് നാൾ നിർമാണ പ്രവർത്തനം നടന്നെങ്കിലും ഇടക്ക് നിലച്ചു. ഏറെക്കഴിഞ്ഞാണ് പണി പുനരാരംഭിച്ചത്. നിലവിൽ സ്ലാബ് നിർമാണമാണ് നടക്കുന്നത്. മഴയും വെയിലുമേറ്റ് സംരക്ഷണമില്ലാതെ കിടന്ന കമ്പികളിൽ തുരുമ്പ് നീക്കം ചെയ്യാതെ സിമന്റ് കലർത്തി പെയിന്റ് ചെയ്യുകയാണിപ്പോൾ.
അന്തർ സംസ്ഥാന തൊഴിലാളികളാണ് പെയിന്റടിക്കുന്നത്. തൂണിന്റെ പുറത്തുകാണുന്ന കമ്പികളിൽ മാത്രമാണ് പെയിന്റിങ്. അകത്തെ കമ്പികളിൽനിന്ന് തുരുമ്പ് നീക്കംചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്. അല്ലെങ്കിൽ തുരുമ്പിച്ച കമ്പികൾ മാറ്റേണ്ടിവരും. പെയിന്റടിച്ചിട്ടും കമ്പികളിലെ തുരുമ്പ് എടുത്തുകാണാം. പകുതി ഭാഗത്ത് മാത്രമാണ് പെയിന്റടിക്കുന്നത്.
സാധാരണ തുരുമ്പ് തൂത്ത് വൃത്തിയാക്കിവേണം പെയിന്റടിക്കാൻ. എന്നാൽ, ഇവിടെ നേരിട്ട് പെയിന്റ് ചെയ്ത് പോവുകയാണ്. ശക്തമായ മഴയിൽ കഴിഞ്ഞദിവസം ചെയ്ത പെയിന്റ് ഇളകിത്തുടങ്ങിയിട്ടുണ്ട്. 21 തൂണുകളാണ് മേൽപാലത്തിന് ആകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.