മല്ലപ്പള്ളി: ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും അദാലത്തിൽ പങ്കെടുക്കാൻ പാമ്പാടിമൺ ലക്ഷംവീട് കോളനിയിൽനിന്ന് ജോസഫ് വരുമ്പോൾ മനസ്സ് നിറയെ ആധിയായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സപ്നം സഫലമാകുമോ എന്ന ആവലാതി.
അദാലത്തിൽ ടോക്കൺ നമ്പർ വിളിച്ചപ്പോൾ വ്യവസായ മന്ത്രി പി. രാജീവ്, ആരോഗ്യ മന്ത്രി വീണ ജോർജ്, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പരാതി കേൾക്കാൻ നേരിട്ടെത്തി. ഭിന്നശേഷിക്കാരനാണ് എം.ടി. ജോസഫ്. മകനും ഭാര്യയും മരുമകളും പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മകന് ജോലിക്കിടെ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചു.
ഭാര്യയും ഭിന്നശേഷിക്കാരിയാണ്. പ്രായാധിക്യത്താൽ കാഴ്ചക്കും കുറവുള്ള ജോസഫിന്റെ കുടുംബത്തിന്റെ ഏക വരുമാനം പഞ്ചായത്ത് നൽകിയ പെട്ടിക്കടയാണ്. താമസവും അതേ കടയിലാണ്. വീട്ടിലേക്കുള്ള കുടിവെള്ള സംവിധാനവും ആകെ തകരാറിലാണ്. വീടു ലഭിക്കാത്തതിന്റെ കാരണം മന്ത്രിമാർ ഉദ്യോഗസ്ഥരോട് തിരക്കി. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കേണ്ട സമയത്ത് സമർപ്പിച്ചില്ല എന്നത് മാത്രമായിരുന്നു കാരണം. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് ഉറപ്പാക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.