കോന്നി: പത്തനംതിട്ട ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉത്ഘാടനം ചെയ്തു. കോന്നി പഞ്ചായത്തിലെ പെരിഞ്ഞോട്ടക്കലിൽ ആണ് കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം പൂർത്തീകരിച്ച് അധ്യയനം തുടങ്ങുന്നത്. 2019 ലാണ് കോന്നിക്ക് പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. ഇതുവരെയും അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ കെട്ടിടങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.
ചൊവ്വാഴ്ച്ച 25 കേന്ദ്രീയ വിദ്യാലങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതു. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. ഒന്ന് കോന്നിയിലും മറ്റൊന്ന് നീലേശ്വരത്തും. കോന്നിയിൽ നടന്ന പ്രദേശിക ചടങ്ങിൽ ചടങ്ങിൽ ആന്റോ ആന്റണി എം.പി അധ്യക്ഷത വഹിച്ചു. കെ.യു. ജെനീഷ് കുമാർ എം.എൽ.എ, കലക്ടർ എ. ഷിബു, കേന്ദ്രീയ വിദ്യാലയം എറണാകുളം റീജിയണൽ കമ്മീഷണർ എൻ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ആന്റോ ആന്റണി എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏകദേശം മുപ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ കോന്നിയിലെ കേന്ദ്രീയ വിദ്യാലയം നിർമിച്ചത്.
കോന്നി: പ്രധാന മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ച കോന്നി കേന്ദ്രീയ വിദ്യാലയത്തിൽ വൈദ്യുതി കണക്ഷൻ നൽകാതെ ഇലക്ട്രിസിറ്റി ബോർഡ്. കണക്ഷൻ നൽകാൻ ആവശ്യമായ സാധനങ്ങളുടെ കുറവുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞാണ് ഇലക്ട്രിസിറ്റി ബോർഡ് കോന്നി എ.ഇ ഓഫിസ് വൈദ്യുതി അനുവദിക്കാത്തത്. 23 ലക്ഷം രൂപയാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തിന് കണക്ഷൻ ലഭിക്കുന്നതിനായി കെ.എസ്.ഇ.ബി ഓഫിസിൽ അടച്ചത്. ഇത് അടച്ചിട്ട് മൂന്ന് മാസത്തോളമായി.
സാധാരണ രീതിയിൽ അംഗീകൃത ഇലക്ട്രീഷൻ പേപ്പർ ജോലികൾ പൂർത്തീരിച്ചാൽ ഒരുമാസത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകാവുന്നിടത്ത് ആണ് കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുന്നത്. വൈദ്യതി ലഭിക്കുന്നതിന് ആവശ്യമായ പ്രത്യേക ട്രാൻസ്ഫോർമറും കേബിൾ വഴി ലൈനുകളും വലിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് മുമ്പ് ചെയ്ത് തീർക്കേണ്ട ഈ ജോലികൾ ചെയ്ത് തീർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഉദ്ഘാടനം ചടങ്ങിൽ ജനറേറ്റർ ഉപയോഗിച്ചാണ് മൈക്ക് പ്രവർത്തിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.