പത്തനംതിട്ട: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ജില്ലക്ക് ഏക ആശ്വാസം ആറന്മുളയിൽ പ്രഖ്യാപിച്ച ഐ.ടി പാര്‍ക്ക്. ഇതിനായി 10 കോടിയാണ് മാറ്റിവെച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഐ.ടി പാര്‍ക്ക് വരുന്നത്. തൊഴിൽതേടി അയൽ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ആയിരക്കണക്കിന് യുവാക്കളാണ് പോകുകയോ കുടിയേറുകയോ ചെയ്യുന്നത്.
ഇതിന് വലിയ ഒരളവുവരെ ജില്ലയുടെ ഐ.ടി. പാർക്ക് പരിഹാരമാകും. . പത്തനംതിട്ട നഗരത്തിന്റെ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും വഴി മാതൃക തെരുവുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തിയതും ആശ്വാസകരമാണ്. മെഡിക്കൽ കോളജിന് അനുബന്ധമായി കോന്നിയിൽ ഡെന്റല്‍ കോളജ് വരും. കലഞ്ഞൂർ കൺവൺഷൻ സെന്ററിനും വ്യവസായ പാര്‍ക്കിനും 10 കോടി അനുവദിച്ചതും നേട്ടമാണ്.
റാന്നിയിൽ എം.എൽ.എയുടെ അഭിമാന പദ്ധതിയായ നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായ നോളജ് സെന്ററുകൾ നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും തുടങ്ങാൻ മൂന്നുകോടിയും വകയിരുത്തിയിട്ടുണ്ട്. അടൂര്‍ സാംസ്കാരിക സമുച്ചയത്തിന് അഞ്ച് കോടി നീക്കിവെച്ചപ്പോൾ അടൂരില്‍ ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയുള്ള കാര്‍ഷിക പരിശീലന കേന്ദ്രത്തിന് മൂന്നര കോടിയും അനുവദിച്ചു.
അടൂർ: 101 കോടി 50 ലക്ഷം രൂപയാണ് ആകെ അടങ്കലായി 20 പദ്ധതികള്‍ നടപ്പാക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആറ് പദ്ധതികള്‍ നിര്‍വഹണസജ്ജമാകത്തക്ക തരത്തില്‍ ടെൻഡറിങ് നടപടികള്‍ക്ക് ധനവകുപ്പ് വകയിരുത്തി.
ഗവ.എല്‍.പി.എസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് രണ്ടു കോടി, പന്തളം എ.ഇ ഓഫിസ് കെട്ടിട നിര്‍മാണത്തിന് രണ്ടരക്കോടി, വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിർമാണത്തിന് ഒന്നരക്കോടി, പന്തളം സബ്ട്രഷറിക്ക് രണ്ടുകോടി, ഏനാത്ത് പഴയ എം.സി റോഡ് ലിങ്ക് റോഡ് നിർമാണത്തിന് മൂന്നര കോടി, അടൂരില്‍ കാര്‍ഷിക പരിശീലന കേന്ദ്രത്തിന് മൂന്നരക്കോടി എന്നീ പദ്ധതികളാണ് അടൂര്‍ മണ്ഡലത്തില്‍ ടെൻഡറിങ് അടങ്കല്‍ വകയിരുത്തി നടപ്പാക്കുന്നത്.
ചിറമുടിച്ചിറ ടൂറിസം പദ്ധതിക്ക് രണ്ടു കോടി, കൊടുമണ്‍ മുല്ലോട്ട് ഡാമിന് ഒന്നര കോടി, പന്തളം പി.ഡബ്ല്യു.ഡി അസി. എൻജിനീയറുടെ ഓഫിസിന് 10 കോടി, അടൂര്‍ സാംസ്കാരിക സമുച്ചയത്തിന് അഞ്ച് കോടി, നെല്ലിമുകള്‍-തെങ്ങമം-വെള്ളച്ചിറി-ആനയടി റോഡിന് 10 കോടി, കൊടുമണ്‍ അങ്ങാടിക്കല്‍ റോഡിന് എട്ട് കോടി, പറന്തല്‍ തോട് പുനരുദ്ധാരണത്തിന് 10 കോടി, കൊടുമണ്‍ സ്റ്റേഡിയം അനുബന്ധ കായിക വിദ്യാലയം 10 കോടി രൂപ, പള്ളിക്കല്‍ സ്മാര്‍ട്ട് കൃഷിഭവന് രണ്ടു കോടി, മുട്ടാര്‍ നീര്ച്ചാല് പുനരുദ്ധാരണം അഞ്ച് കോടി എന്നിവയാണ് മറ്റു പദ്ധതികള്‍.
ഗവ. എല്‍.പി.എസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മാണം, വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കെട്ടിട നിര്‍മാണം, ഏനാത്ത് എം.സി ലിങ്ക് റോഡ്, അടൂരില്‍ കാര്‍ഷിക പരിശീലന കേന്ദ്രം, പന്തളം അഗ്രോ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, പള്ളിക്കല്‍ സ്മാര്‍ട്ട് കൃഷിഭവന് എന്നിവയാണ് നിർദേശിച്ച ഒമ്പത് പദ്ധതികള്‍.
റാന്നി: ബജറ്റിൽ 123 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിൽനിന്ന് ബജറ്റിൽ ഇടംപിടിച്ചത്. വിവിധ ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഏഴുകോടിയാണ് അനുവദിച്ചത്. കൂടാതെ നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായ സെന്ററുകൾ ഓരോ പഞ്ചായത്തിലും തുടങ്ങാൻ മൂന്നുകോടിയും വകയിരുത്തി.
റാന്നി ടൗൺ ഹാൾ, റാന്നി ടൂറിസം സർക്യൂട്ട്, സ്കിൽപാർക്ക് രണ്ടാംഘട്ടം, വടശ്ശേരിക്കര പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം, കാവനാൽ-പെരുനാട് റോഡ്, കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം, എഴുമറ്റൂർ കൃഷിഭവൻ കെട്ടിടം, വെച്ചൂച്ചിറ മൂല്യവർധിത ക്ഷീരോൽപാതക യൂനിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി, കോട്ടാങ്ങൽ പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടം, എഴുമറ്റൂർ ബാസ്റ്റോ റോഡ്, കരിയംപ്ലാവ്-കണ്ടംപേരൂർ റോഡ്.
റാന്നി പൊതുമരാമത്ത് ഗെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം, സോളാർ വേലിയും വന്യമൃഗശല്യം തടയാനുള്ള പദ്ധതികളും, കാഞ്ഞീറ്റുകര സി.എച്ച്.സി കെട്ടിടം, ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, അയിരൂർ കൃഷിഭവൻ കെട്ടിടം, അയിരൂർ കഥകളി ഗ്രാമം കേന്ദ്രീകരിച്ച് തെക്കൻ കലാമണ്ഡലവും കഥകളി മ്യൂസിയവും.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളെക്കൊണ്ട് ഇവയുടെ പുനരുദ്ധാരണം അപ്രാപ്യമായ സാഹചര്യത്തിൽ ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് അഭ്യർഥിച്ചിരുന്നതായി എം.എൽ.എ പറഞ്ഞു.
കോന്നി: അടിസ്ഥാന സൗകര്യവികസനത്തിനും ടൂറിസം മേഖലയുടെ വളർച്ചക്കും ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ ബജറ്റ്. ഇക്കോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവക്ക് തുക വകയിരുത്തിയതുവഴി ടൂറിസം വിപുലീകരിക്കാനും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും. കോന്നി മെഡിക്കൽ കോളജിലെ മാലിന്യസംസ്കരണത്തിന് പ്രത്യേകം തുക വകയിരുത്തി.
പത്തനംതിട്ട-കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെളിക്കുഴി-കുന്നിട മങ്ങാട് പുതുവൽ പാലമറ്റം ചാങ്ങേത്തറ ( ഉദയ ജങ്ഷൻ-മലനട ) റോഡിന് 10 കോടി അനുവദിച്ചു. മൈലപ്രമാർക്കറ്റ് നവീകരണത്തിനും ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് അഞ്ചുകോടി അനുവദിച്ചു. സംസ്ഥാനപാതക്ക് സമീപം ഓഫിസ് സമുച്ചയവും ഓഡിറ്റോറിയവും ഡോർമിറ്ററിയും ഉൾപ്പെടെയാണ് മാർക്കറ്റ് നവീകരിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്.
കൂടൽ- നെല്ലിമുരിപ്പ്- കുരങ്ങയം- പ്ലാന്റേഷൻ-കുരിശുംമുക്ക് -കോളനി മുക്ക് അമ്പലപ്പടി -പല്ലൂർ -ഗാന്ധി ജങ്ഷൻ - ഇഞ്ചപ്പാറ കാരയ്ക്കക്കുഴി-പുന്നമൂട് -ഫാക്ടറി-തേമ്പാവുംമൺ-സ്റ്റേഡിയം കോളനി-മിച്ചഭൂമി-പൊലീസ് സ്റ്റേഷൻ-പുന്നമൂട് വട്ടുതറ ഡിപ്പോ ജങ്ഷൻ റോഡിന് 25 കോടി, കുമ്മണ്ണൂർ- നീരാമക്കുളം- കല്ലേലി- കുളത്തുമൺ-വകയാർ- അതിരുങ്കൽ- പോത്തുപാറ- - പൂമരുതിക്കുഴി- പാടം എസ്എൻഡിപി- വെള്ളംതെറ്റി- ഇരുട്ടുതറ- പുന്നല റോഡി 60 കോടി.
റെസ്റ്റ് ഹസ് 10 കോടി, ആധുനിക മൃഗശുപത്രി അഞ്ചുകോടി, ചിറ്റാർ മാർക്കറ്റ് നവീകരണം 7 കോടി, കോന്നിയില്‍ സ്റ്റേഡിയം 20 കോടി, വ്യവസായ പാര്‍ക്ക് 10 കോടി, ഡെന്റല്‍ കോളജ് 60 കോടി, മിനി സുവോളജിക്കൽ പാർക്ക്- ഫോറസ്റ്റ് മ്യൂസിയം -കോന്നി തേക്ക് മ്യൂസിയം 20 കോടി.
തിരുവല്ല: നിയോജക മണ്ഡലത്തിലെ 160 കോടിയുടെ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ വികസനത്തിനാണ് മുൻതൂക്കം. 20 കോടിയുടെ സ്റ്റേഡിയം പുനരുദ്ധാരണ പദ്ധതിക്കാണ് അംഗീകാരം. ഡക്ക് ഫാം-ആലംതുരുത്തി-കുത്തിയതോട് - ഇരമല്ലിക്കര റോഡ് - 10 കോടി, കുറ്റപ്പുഴ പ്രാഥമിക ആരോഗ്യകേന്ദം പുതിയ കെട്ടിടം - 3.5കോടി, കടപ്ര - വീയപുരം റോഡ് 10 കോടി, കുറ്റപുഴ മാർത്തോമ കോളേജ് -കിഴക്കൻ മുത്തൂർ റോഡ് 2.5 കോടി, തിരുവല്ല നഗരത്തിലേക്കുള്ള വിവിധ റോഡുകളുടെ നിർമ്മാണം 5.5 കോടി തുടങ്ങിയ പദ്ധതികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
പത്തനംതിട്ട നഗരത്തിന്റെ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും വഴി മാതൃക തെരുവുകള്‍ നിര്‍മിക്കും. തെരുവിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുക, കച്ചവട മേഖലയെ ഉണര്‍ത്തുക, കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുക, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, രാത്രി പ്രവര്‍ത്തനം ഊര്‍ജിതമാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ രൂപകല്പന ചെയ്യുന്ന പദ്ധതിയാണിത്.
പാതയോടു ചേര്‍ന്ന നിര്‍മാണങ്ങള്‍ക്ക് ഏകീകൃത ഡിസൈന്‍ നല്‍കും. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗഹൃദപരമായ തെരുവായിരിക്കും സജ്ജമാക്കുന്നത്. പത്തനംതിട്ടയിലെ ജില്ല ഭക്ഷ്യപരിശോധന ലാബ് നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.