പത്തനംതിട്ട: ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളെയും പുൽകാൻ ജനം ഇടതുപക്ഷത്തെ അനുവദിച്ചിട്ടും സംസ്ഥാന ബജറ്റിൽ ജില്ലക്ക് നിരാശ.രണ്ടാം പിണറായി സർക്കാറിന്‍റെ രണ്ടാം ബജറ്റിലും ജില്ലക്ക് മിച്ചം നാണക്കേട് മാത്രം. ജില്ലക്ക് പുതിയ പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല. മുൻ ബജറ്റുകളിലെ മിക്ക പ്രഖ്യാപനങ്ങളം നടപ്പാകാതെ കിടക്കുകയാണ്.
ഇതിൽ ആദ്യ പിണറായി സർക്കാറിന്‍റെ കാലം മുതലുള്ള പ്രഖ്യാപനങ്ങളാണ് നടപ്പാക്കാനുള്ളത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളുടെ വികസന പാക്കേജിനായി ഇപ്രാവശ്യം 75 കോടി വീതം അനുവദിച്ച സർക്കാർ മലയോര ജില്ലയെ തഴഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജ് ഉൾപ്പെടെ അഞ്ച് എം.എൽ.എമാരും നൽകിയ പദ്ധതി നിർദേശങ്ങൾ നാമമാത്രമാണ് അംഗീകരിക്കപ്പെട്ടത്. മറ്റുള്ളതെല്ലാം വാഗ്ദാനം മാത്രമായി. ജില്ല സ്റ്റേഡിയം നവീകരണം, അബാൻ മേൽപാലം നിർമാണം, സർക്കാർതലത്തിലെ ഏക മെഡിക്കൽ കോളജായ കോന്നി മെഡിക്കൽ കോളജ് ആശുപത്രി വികസനം, പൊതുമരാമത്ത്, ആരോഗ്യം, കൃഷി, വനം തുടങ്ങി എല്ലാ വകുപ്പ് മേഖലകളിലും നിരാശ മാത്രം.
രണ്ടാം കുട്ടനാട് പാക്കേജ് പ്രവർത്തനം പുരോഗമിക്കുമ്പോൾ തിരുവല്ല ഉൾപ്പെട്ട അപ്പർ കുട്ടനാട് മേഖല തഴയപ്പെടും.രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി വേമ്പനാട് കായലിലടക്കം കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിെപ്പടുത്തി സംരക്ഷിക്കാൻ 137 കോടി രൂപയായി ഉയർത്തി. മുമ്പ് ഇത് 87 കോടിയായിരുന്നു.
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി അനുവദിച്ചതാണ് പ്രധാന പ്രഖ്യാപനം. ഇതിന്‍റെ വിവിധ ഘടകങ്ങൾക്കായി 30 കോടിയാണ് അനുവദിച്ചത്.കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്താൻ 10 കോടിയും പമ്പ മുതൽ സന്നിധാനം വരെ ഔഷധ കുടിവെള്ള വിതരണത്തിന് രണ്ടുകോടിയും പമ്പ ഗണപതിക്ഷേത്രത്തിൽ നിന്നും ഹിൽടോപ് വരെയുള്ള സുരക്ഷാപാലത്തിന്‍റെ നിർമാണത്തിന് രണ്ട് കോടിയും നിലക്കൽ കോർ ഏരിയ വികസനത്തിന് 2.5 കോടിയുമാണ് അനുവദിച്ചത്.
എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയും അനുവദിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ചില പദ്ധതികൾ ജില്ലക്കും കൂടി പ്രയോജനം ചെയ്യും എന്നു മാത്രം.പൊൻകുന്നം-പുനലൂർ പാതയുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തികൾക്കും ജില്ലകളിൽ പൈതൃക മ്യൂസിയം നിർമിക്കാനും തുകയുണ്ട്.
താലൂക്ക് ആശുപത്രികളോട് ചേർന്ന് നഴ്സിങ് കോളജുകൾ തിരുവിതാംകൂർ മേഖലയിലെ ഉദ്യോഗസ്ഥർക്ക് ഉപകാരപ്പെടും. തോട്ടം തൊളിലാളികളുടെ ലയങ്ങൾ മെച്ചപ്പെടുത്താൻ തുക വകയിരുത്തിയതും ജില്ലക്കുംകൂടി പ്രയോജനം ലഭിച്ചേക്കാവുന്നതാണ്. റബര്‍ സബ്‌സിഡി നിലനിര്‍ത്താനും വന്യമൃഗ അക്രമം തടയാനും തുക വര്‍ധിപ്പിച്ച് അനുവദിച്ചത് ജില്ലയിലെ കാര്‍ഷിക മേഖലക്ക് ഉണര്‍വേകും.
ജില്ല കലക്ടറേറ്റുകളിൽ സ്റ്റേററ് ചേംബറും ലക്ഷ്യമിടുന്നു. പത്തനംതിട്ട ഉൾപ്പെടെ ആറ് ജില്ലയിൽ കരിയർ ഡെവലപ്മെന്‍റ് സെന്‍ററുകൾ തുറക്കുന്നത് മറ്റൊരു നേട്ടമാണ്. ഇക്കോ ടൂറിസം പദ്ധതികൾക്ക് ഏഴുകോടി അനുവദിച്ചത് ഗവിക്കും കോന്നിക്കും ഉൾപ്പെടെ ഗുണപ്രദമാകും.
അടൂർ: മണ്ഡലത്തിൽ പുതുതായ പദ്ധതികൾ ഒന്നും ബജറ്റിലില്ല. വർഷങ്ങളായി ബജറ്റിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളുണ്ട്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് എം.എൽ.എ പ്രഖ്യാപിച്ച വിദ്യാഭ്യാസ വിനോദസഞ്ചാര പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തും ഇത് നടപ്പായില്ല. ഇക്കുറി ഇത് ബജറ്റിൽനിന്നുതന്നെ അപ്രത്യക്ഷമായി.
അടൂർ ഫയർ സ്റ്റേഷന് പന്നിവിഴയിൽ കെ.ഐ.പി കനാൽ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് സ്വന്തമായി കാര്യാലയം നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ട് ഏഴ് വർഷമായപ്പോഴാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. മൂന്നു വർഷമായി അഞ്ചുകോടി രൂപ വീതം ഇതിന് അനുവദിച്ചു. അടൂർ പള്ളിക്കലാർ അരികുഭിത്തി കെട്ടൽ, പുനരുദ്ധാരണം എന്നിവക്ക് എട്ട് കോടി അനുവദിച്ചിരുന്നു.അടൂർ കെ.എസ്.ആർ.ടി.സി മേൽപാലം 5.50 കോടി അനുവദിച്ചത് 2020ലും 2021ലും ബജറ്റിൽ ഇടംനേടിയിരുന്നു. മണ്ണടി വേലുത്തമ്പി പഠനകേന്ദ്രത്തിന് തുക നീക്കിവെച്ചത് 2020ലെ ബജറ്റിന്റെ തനിയാവർത്തനമാണ്.
അടൂർ സാംസ്കാരിക നിലയത്തിന് അഞ്ച് കോടി 2020ലെ ബജറ്റിലും ഉണ്ടായിരുന്നു. പുതിയകാവിൽ ചിറ, പള്ളിക്കൽ ആറാട്ടുചിറ, ഏറത്ത് നെടുംകുന്ന്മല വിനോദസഞ്ചാര പദ്ധതികൾ എന്നിവ പതിറ്റാണ്ടിലേറെയായി പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. അടൂർ സെൻട്രൽ ഗാന്ധിസ്മൃതി മൈതാനം പുനരുദ്ധാരണം, അടൂർ റവന്യൂ കോംപ്ലക്‌സ്, പറക്കോട് അനന്തരാമപുരം, അടൂർ സെൻട്രൽ ചന്തകളുടെ വികസനം ഇവയെല്ലാം തനിയാവർത്തനമാണ്.
കുടിവെള്ള പദ്ധതികളും ശൗചാലയങ്ങളും പുതിയ ആധുനിക പാതകളും നടപ്പായില്ല. അടൂർ റവന്യൂ കോംപ്ലക്സിനും പുതിയകാവിൽ ചിറ ടൂറിസത്തിനും അടൂർ സാംസ്കാരിക സമുച്ചയത്തിനും അഞ്ചുകോടി വീതം, അടൂർ ഹോമിയോ കോംപ്ലക്സിന് എട്ടുകോടി, ഏറത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിന് ഒന്നരക്കോടി, നെല്ലിമുകൾ-തെങ്ങമം -വെള്ളച്ചിറ- ആനയടി റോഡിന് പത്തുകോടി രൂപയും അനുവദിച്ചു.
പന്തളത്ത് തീർഥാടന ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു പന്തളം കോളജ് ജങ്ഷനിൽ കാൽനട മേൽപാലത്തിനായി 5.50 കോടി, പന്തളം എ.ഇ.ഒ ഓഫിസിന് 2.30 കോടി, പന്തളം സബ്ട്രഷറിക്ക് 3.30 കോടി, ചിറമുടി പദ്ധതിക്കായി 2.50 കോടി, പന്തളം സബ് രജിസ്ട്രാർ ഓഫിസിന് 4.50 കോടി, പന്തളം മൃഗാശുപത്രിക്ക് രണ്ടുകോടി, കൊടുമൺ മുല്ലോട്ട് ഡാമിന് 3.50 കോടി എന്നിവ 2022-23 ബജറ്റിലെ പ്രഖ്യാപനങ്ങളാണ്. സ്കിൽ എക്കോ സിസ്റ്റം വിപുലീകരിക്കാൻ സ്കിൽ കോഴ്സിനായി അടൂരിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു.
ഇട്ടിയപ്പാറ-ഒഴുവൻ പാറ -ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന് ശാപമോക്ഷം
റാന്നി: സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ചതോടെ ഇട്ടിയപ്പാറ-ഒഴുവൻപാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന് ശാപമോക്ഷമാകും. 10 കോടി രൂപയാണ് അനുവദിച്ചത്.
കൂടാതെ പ്രമോദ് നാരായൺ എം.എൽ.എ സമർപ്പിച്ച മറ്റ് 19 പ്രവൃത്തികളും ബജറ്റ് ടോക്കൺ പ്രൊവിഷനിൽ (താൽക്കാലിക ഉറപ്പ്, ബജറ്റിൽ ഉൾപ്പെടുത്തി എങ്കിലും പണം അനുവദിച്ചിട്ടില്ല) ഇടംതേടി.
ഇട്ടിയപ്പാറ ടൗണിൽനിന്ന് ആരംഭിച്ച് ഒഴുവൻപാറ വരെയും ഒഴുവൻപാറ-ജണ്ടായിക്കൽ, ജണ്ടായിക്കൽ-ബംഗ്ലാംകടവ്-വടശ്ശേരിക്കര റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനാണ് 10 കോടി രൂപ അനുവദിച്ചത്. തകർന്ന് യാത്ര അസാധ്യമായ സാഹചര്യത്തിലാണ് ബി.എം ബി.സി നിലവാരത്തിലുള്ള റോഡിന് എം.എൽ.എ ബജറ്റിൽ നിർദേശം നൽകിയത്.
ഇതുകൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി രൂപയും നിലക്കൽ കുടിവെള്ള പദ്ധതിയുടെ വികസനത്തിന് പത്തുകോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്.പമ്പാ ഗണപതി ക്ഷേത്രം മുതൽ ഹിൽ ടോപ് വരെ സുരക്ഷാപാലം രണ്ടുകോടി, നിലക്കൽ വികസനം 2.50 കോടി, പമ്പയിൽനിന്നും സന്നിധാനം വരെ ഔഷധ ജലവിതരണം രണ്ടുകോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.
മറ്റു പ്രവൃത്തികൾ
റാന്നി ടൂറിസം സർക്യൂട്ട്, വടശ്ശേരിക്കര ബസ്സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും തുലാപ്പള്ളി ട്രൈബൽ ആശുപത്രി, കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, എഴുമറ്റൂർ കൃഷിഭവന് കെട്ടിടം, വെച്ചൂച്ചിറ മൂല്യവർധിത ക്ഷീരോൽപന്ന യൂനിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി, കോട്ടാങ്ങൽ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തിൽ തോട്ടിൽ പാലവും റിങ് റോഡും, ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗെസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പൊലീസ് സ്റ്റേഷൻ, റാന്നി സ്കിൽ പാർക്ക് രണ്ടാംഘട്ടം, വനമേഖലയിൽ സോളാർ വേലിയും വന്യമൃഗ ശല്യം തടയാനുള്ള പദ്ധതികളും കാഞ്ഞീറ്റുകര സി.എച്ച്.സി കെട്ടിടം, ചെറുകോൽ എഫ്.എച്ച്.സിക്ക് കെട്ടിടം, റാന്നി ടൗൺ പ്ലാനിങ്, ഗവ. എൽ.പി സ്കൂൾ പെരുമ്പെട്ടി കെട്ടിടം, വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം.
അടൂർ: സംസ്ഥാന ബജറ്റിൽ അടൂർ നിയോജക മണ്ഡലത്തിന് ശ്രദ്ധേയമായ നേട്ടമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മണ്ഡലത്തിലെ 20 പ്രവൃത്തികൾക്ക് 2023-24 ബജറ്റിൽ 97.5 രൂപ കോടി രൂപ ഉൾപ്പെടുത്തുകയും നാല് പ്രധാന പദ്ധതികൾക്ക് ടെൻഡറിങ് പ്രൊവിഷൻ സാധ്യമാക്കി 14 കോടി രൂപ അടങ്കൽ വകയിരുത്തുകയും ചെയ്തു.
ഭരണാനുമതി നടപടികൾ പുരോഗമിച്ചുവരുന്ന പദ്ധതികളും ഈ ബജറ്റിൽ ആവർത്തിച്ചു. ധനവകുപ്പിന്‍റെ പ്രത്യേക നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻവർഷങ്ങളിലെ ചില പദ്ധതികൾ ആവർത്തിച്ച് നൽകേണ്ടി വന്നതെന്ന് ചിറ്റയം പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിന് പുതിയ കാര്യാലയത്തിനായി രണ്ടുകോടി, പന്തളം ഫൂട്ട് ഓവർ ബ്രിഡ്ജ് 3.5 കോടി, നെടുംകുന്ന് ടൂറിസം പദ്ധതിക്ക് 3.5 കോടി, അടൂർ റവന്യൂ കോംപ്ലക്സിന് അഞ്ചുകോടി എന്നിവയാണത്.
മറ്റ് പ്രവൃത്തികൾ
ചിരണിക്കൽ വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് (മണ്ഡലതല കുടിവെള്ള പദ്ധതികൾ)
കൊടുമൺ സ്റ്റേഡിയം അനുബന്ധ കായിക വിദ്യാലയം
ഏറത്ത് പഞ്ചായത്ത് ഓഫിസ് കെട്ടിടം
പന്തളം സബ് ട്രഷറി
പന്തളം എ.ഇ.ഒ ഓഫിസ്
അടൂർ സാംസ്കാരിക സമുച്ചയം
ചിറമുടിച്ചിറ ടൂറിസം
പൊതുമരാമത്ത് നിരത്തുവിഭാഗം അസി. എൻജിനീയറുടെ ഓഫിസ് പന്തളം
നെല്ലിമുകൾ-തെങ്ങമം-വെള്ളച്ചിറ-ആനയടി റോഡ്, അടൂർ കോർട്ട് കോംപ്ലക്സ് രണ്ടാംഘട്ടം
പറക്കോട്-ഐവർകാല റോഡ്
കാച്ചുവയൽ-ആനന്ദപ്പള്ളി റോഡ്
കൊടുമൺ മുല്ലാട്ട് ഡാം
ഹോളിക്രോസ്-ആനന്ദപ്പള്ളി, കൊടുമൺ-അങ്ങാടിക്കൽ റോഡ്
പന്തളം സബ് രജിസ്ട്രാർ ഓഫിസ്
ആതിരമല ടൂറിസം
സിവിൽ സ്റ്റേഷൻ ഭൂമിയേറ്റെടുക്കലിന് പത്ത് കോടി
പത്തനംതിട്ട: ജില്ല ആസ്ഥാനം ഉൾപ്പെട്ടതും ജില്ലയിലെ ഏക മന്ത്രിയുമുള്ളതുമായ ആറന്മുള മണ്ഡലത്തിന് അവഗണന. ടോക്കൺ നൽകി വാഗ്ദാനം നൽകിയതല്ലാതെ അവ പാലിക്കപ്പെടുമെന്ന് ഉറപ്പില്ല. കോവിഡ് സാഹചര്യത്തിലും പ്രവാസികളുടെ നെരിപ്പോടിനും ഇടയിൽ എൽ.ഇ.ഡി ഡിസ്പ്ലേ പോലുള്ള പൊട്ടിക്കൈ പ്രയോഗങ്ങളാണ് ഇടംപിടിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ എല്‍.ഇ.ഡി ഡിസ്‌പ്ലേ സ്ഥാപിക്കാൻ ബജറ്റിൽ ഒരു കോടി അനുവദിച്ചതായി സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പത്തനംതിട്ടയില്‍ ആഭ്യന്തര ടൂറിസം ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കത്ത രീതിയിലുള്ളതാണ് എല്‍.ഇ.ഡി ഡിസ്‌പ്ലേ. ചുട്ടിപ്പാറയിലേക്ക് ജനം ആകർഷിക്കപ്പെടും. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഇവയെല്ലാം യാഥാർഥ്യമാകുമ്പോൾ മണ്ഡലത്തിൽ വലിയ വിസകസനമാണ് സാധ്യമാകുന്നതെന്ന് മന്ത്രി അവകാശപ്പെടുന്നു. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഭൂമിയേറ്റെടുക്കലിന് പത്ത് കോടി അനുവദിച്ചു.
ടോക്കൺ വകയിരുത്തിയ മറ്റ് പദ്ധതികൾ
സി. കേശവൻ സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റടുക്കൽ
വലഞ്ചൂഴി ടൂറിസം പദ്ധതി
തെക്കേമല നാരങ്ങാനം റോഡ്, ബി.എം ആൻഡ് ബി.സി നവീകരണം
കുളനട സൊസൈറ്റിപ്പടി കാരിത്തോട്ട റോഡ് ബി.എം ആൻഡ് ബി.സി നവീകരണം
അച്ചന്‍കോവിലാര്‍ തീരസംരക്ഷണം
പത്തനംതിട്ട റിങ് റോഡ് ബി.എം ആൻഡ് ബി.സി നവീകരണം
പുത്തന്‍കാവ് കിടങ്ങന്നൂർ ബി.എം ആൻഡ് ബി.സി നവീകരണം
ആറന്മുള പമ്പാതീരം ദീര്‍ഘിപ്പിക്കല്‍
അഴൂര്‍ കത്തോലിക്കേറ്റ് സ്‌കൂള്‍ റോഡ് ബി.എം ആൻഡ് ബി.സി നവീകരണം
ഉള്ളൂര്‍ച്ചിറ നവീകരണം
രൂപയുടെ വികസന പദ്ധതികൾ
തിരുവല്ല: ബജറ്റിൽ മണ്ഡലത്തിന് 145.5 കോടി രൂപയുടെ വികസന പദ്ധതികൾ. കടപ്ര-വീയപുരം ലിങ്ക് ഹൈവേയുടെ വികസനത്തിന് രണ്ട് കോടി രൂപ വകയിരുത്തി. കടപ്ര-വീയപുരം ലിങ്ക് ഹൈവേക്ക് 10 കോടി രൂപയാണ് അടങ്കൽ തുക. ഇതിന്റെ 20 ശതമാനം തുകയാണ് അനുവദിച്ചത്. നെടുമ്പ്രം പഞ്ചായത്തിലെ സ്റ്റേഡിയം വികസനത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. നെടുമ്പ്രം ഗവ. ഹൈസ്‌കൂളിന് സമീപത്തെ ഈ സ്റ്റേഡിയത്തിന്റ വികസനത്തിന് രണ്ട് കോടി രൂപയാണ് അടങ്കൽ തുക.
മറ്റ് പദ്ധതികൾ
കുറ്റപ്പുഴ പി.എച്ച്.സി (3.5 കോടി),
മന്നംകരച്ചിറ പാലം (6.5 കോടി),
തിരുവല്ല വിദ്യാഭ്യാസ കോംപ്ലക്സ് (15 കോടി),
തിരുവല്ല സബ് ട്രഷറി (അഞ്ച് കോടി),
അട്ടക്കുളം-വായ്പൂര് റോഡ് (10 കോടി),
കുറ്റപ്പുഴ-മാർത്തോമ കോളജ്-കിഴക്കൻമുത്തൂർ റോഡ് (5 കോടി),
ഡക്ക് ഫാം-ആലംതുരുത്തി-കുത്തിയതോട്-ഇരമല്ലിക്കര റോഡ് (10 കോടി),
സ്വാമിപാലം (5.5 കോടി),
പന്നായി-തേവേരി റോഡ് (6 കോടി),
കറ്റോട് പാലം (5 കോടി),
നിരണം ഇരതോട്ടിൽ സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും (5 കോടി),
ആലംതുരുത്തി-പനച്ചമൂട്-തോക്കനടി-ചക്കുളത്തുകടവ്-പനച്ചമൂട് (8 കോടി),
തേലപ്പുഴകടവ് പാലം (15 കോടി),
നടയ്ക്കൽ-മുണ്ടിയപ്പള്ളി-പുന്നിലം-കമ്മാളത്തകിടി റോഡ് (6 കോടി),
കാഞ്ഞിരത്തുംമൂട്-ചാത്തങ്കരി കടവ്-മണക്ക് റോഡ് (10 കോടി),
മഞ്ഞാടി -ആമല്ലൂർ-കുറ്റപ്പുഴ റോഡ് (8 കോടി),
കണ്ണംപ്ലാവ്-കുളത്തൂർമൂഴി റോഡ് (10 കോടി).
ചിറ്റൂർ കടവിൽ പുതിയ പാലം നിർമിക്കാൻ 12 കോടി
കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത ഇ.പി.സി മാതൃകയിലേക്ക് ഉയർത്താനുള്ള ബജറ്റ് വാഗ്ദാനം പാത കടന്നുപോകുന്ന കോന്നി നഗരത്തിനും ഗുണംചെയ്യും. ഇടുക്കി, പൂയംകുട്ടി പദ്ധതികൾക്കൊപ്പം പുതിയ മൂഴിയാർ ജലവൈദ്യുതി പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നിരവധി പൊതുമരാമത്ത് പ്രവൃത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. കോന്നിയിലെ ദീർഘകാല ആവശ്യമായിരുന്ന ചിറ്റൂർ കടവിൽ പുതിയ പാലത്തിന് 12 കോടി രൂപയും ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽ.പി സ്കൂളിന് ഒന്നരക്കോടി രൂപയും ഗവ. മുണ്ടൻപാറ ട്രൈബൽ സ്കൂളിന് ഒരുകോടി രൂപയും അനുവദിച്ചു. കൂടൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു.
പ്രധാന പദ്ധതികൾ (പരാമർശം):
പൂങ്കാവ് മാർക്കറ്റ് നവീകരണവും ഷോപ്പിങ് കോംപ്ലക്സ് നിർമാണവും (പൊതുമരാമത്ത്) -നാലുകോടി
പുതുക്കട-ചിറ്റാർ-പുലയൻപാറ റോഡ് (പൊതുമരാമത്ത്)-25 കോടി
കോന്നി മോഡൽ നോളജ് കാമ്പസ്-കലഞ്ഞൂർ, ചിറ്റാർ, കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനീകരിക്കൽ (പൊതുവിദ്യാഭ്യാസം) -20 കോടി
വകയാർ-അതിരുങ്കൽ-കുളത്തുമൺ-കല്ലേലി-കുമ്മണ്ണൂർ- റോഡ് (പൊതുമരാമത്ത്) -45 കോടി രൂപ
കോന്നി ഫ്ലൈഓവർ (പൊതുമരാമത്ത്)-100 കോടി
കോന്നി ബൈപാസ് (പൊതുമരാമത്ത്) -50 കോടി
കുമ്പഴ-കോന്നി-വെട്ടൂർ-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് (പൊതുമരാമത്ത്) -27 കോടി
കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരണവും ഷോപ്പിങ് കോംപ്ലക്സും (ഗതാഗതം) -20 കോടി
പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് (പൊതുമരാമത്ത്) -15 കോടി
കോന്നിയിൽ ആധുനിക മൃഗാശുപത്രി (മൃഗസംരക്ഷണം) -15 കോടി
ഏനാദിമംഗലം-പുത്തൻചന്ത-തേപ്പുപാറ റോഡ് (പൊതുമരാമത്ത്) -5 കോടി
തണ്ണിത്തോട്ടിൽ അഭയാരണ്യം (വനം) -10 കോടി
കോന്നി ടൂറിസം വികസനം (ടൂറിസം) -25 കോടി
കുമ്പളാംപൊയ്ക-മുണ്ടയ്ക്കൽ-പൊതീപ്പാട് റോഡ് (പൊതുമരാമത്ത്) -10 കോടി
വട്ടക്കാവ്-വെള്ളപ്പാറ-കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് (പൊതുമരാമത്ത്) -20 കോടി
കോന്നിയിൽ കോടതി സമുച്ചയം (നിയമം)-50 കോടി
കോന്നി മണ്ഡലത്തിൽ നഴ്സിങ് കോളജ് (ആരോഗ്യം) -25 കോടി പരാമർശം.
വ്യവസായ പാർക്ക് (വ്യവസായം) -100 കോടി പരാമർശം.
ഡെന്‍റൽ കോളജ് (ആരോഗ്യം) -5 കോടി പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.