പത്തനംതിട്ട: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാതെ സർക്കാർ ഇത്രകാലം നടത്തിയത് ഒളിച്ചുകളി. വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ വകുപ്പുണ്ടായിട്ടും അതുപോലും ഇത്രകാലവും ചെയ്യാതെ അനാസ്ഥ കാട്ടുകയായിരുന്നു എന്ന സമരക്കാരുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. കാട്ടുപന്നികളെ മാത്രമല്ല അക്രമകാരികളോ, ശല്യക്കാരോ ആയ മറ്റ് മൃഗങ്ങളെയും കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് നടപ്പാകാത്തതിനാൽ സമരം തുടരുമെന്ന് സമരരംഗത്തുള്ള നീതിസേന അറിയിച്ചു.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാല് -ഒന്ന് (ബി.ബി), അഞ്ച് (ഒന്ന്) അഞ്ച് (രണ്ട്) വകുപ്പുകൾ അനുസരിച്ച് മനുഷ്യന്‍റെ ജീവനും സ്വത്തിനും നാശം വിതക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അധികാരങ്ങളോടെ പ്രത്യേക ആൾക്കാരെ നിയോഗിക്കാൻ സർക്കാറിന് അവകാശം നൽകുന്നുണ്ട്. അതനുസരിച്ച് തദ്ദേശ സ്ഥാപന അംഗങ്ങളെയോ യോഗ്യരെന്ന് തോന്നുന്ന വ്യക്തികളെയോ സർക്കാറിന് നിയോഗിക്കാമെന്ന് സമരസമിതി വാദിക്കുന്നു. ആന്ധ്രയിൽ എൻ.ടി. രാമറാവു സർക്കാറിന്‍റെ കാലത്തേ ഇത് നടപ്പാക്കി. അവർ അന്ന് അധികാരം നൽകി നിയോഗിച്ചത് അവരുടെ പാർട്ടി പ്രവർത്തകരെയായിരുന്നു. ഇക്കാര്യത്തിൽ വാർഡ് മെംബർമാർക്ക് അധികാരം നൽകണമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.
കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം വാർഡ് മെംബർമാർക്ക് നൽകി വന്യമൃഗ ആക്രമണം പ്രതിരോധിക്കണമെന്ന് കേന്ദ്ര സർക്കാർ നാലുതവണ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നുവെന്ന് നേരത്തേ തന്നെ സമരസമിതി വ്യക്തമാക്കി. അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് സർക്കാർ പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് പിന്നാലെ നടന്നത്. 1972ലെ നിയമത്തിലെ വകുപ്പനുസരിച്ച് ഇപ്പോൾ ഉത്തരവിറക്കിയതാണ് ഇത്രകാലം സർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയായിരുന്നുവെന്ന ആരോപണത്തിനിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.