മല്ലപ്പള്ളി: താലൂക്ക് ആശുപത്രി പടിമാരിക്കൽ കൊച്ചുപറമ്പിൽ റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് താലൂക്ക് വികസന സമിതിയിൽ തീരുമാനം. ആനിക്കാട് പഞ്ചായത്തിലെ വിവിധ റൂട്ടുകളിൽ ഞായറാഴ്ച ദിവസങ്ങളിൽ ബസ് സർവിസ് മുടക്കുന്നതു സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
മഴക്കാലത്ത് മണ്ണെടുക്കാൻ പഞ്ചായത്തുകളിൽനിന്ന് അനുമതി നൽകരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. കൊറ്റനാട് പഞ്ചായത്തിലെ പൊതുമരാമത്ത് റോഡിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചുമാറ്റണമെന്നും കുന്നന്താനം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ സ്ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരികണമെന്നും കല്ലൂപ്പാറ പഞ്ചായത്ത് ഓഫിസിനും ജങ്ഷനും ഇടയിൽ ഓടകൾക്ക് മൂടിയില്ലാത്തതിനാൽ നിരവധി ആളുകൾ അപകടത്തിൽപ്പെടുന്നതിനാൽ നടപടി ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ വികസന സമിതി യോഗത്തിൽ തഹസിൽദാർ റ്റിടി. ബിനുരാജ്, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. എബ്രഹാം, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുന്ദരേന്ദ്രനാഥ്, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ,ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹബീബ്റാവുത്തർ, സാം കുട്ടി ചെറുകരപാലയ്ക്കാമണ്ണിൽ, ഷെറി തോമസ്, അലക്സ് കണ്ണമല , ബാബു പാലക്കൽ, ശശികുമാർ ചെമ്പുകുഴി, വി.എസ്. സോമൻ, ജയിംസ് വർഗീസ്, വിവിധ താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പത്തനംതിട്ട: ജനറൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേരാനാകാത്തതിൽ കോഴഞ്ചേരി താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം. എച്ച്.എം.സി യോഗം ചേർന്ന് നടപ്പാക്കേണ്ട പ്രവർത്തനം പലതും സ്തംഭനത്തിലായതോടെ ആശുപത്രി പ്രവർത്തനം തന്നെ താളം തെറ്റുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത തദ്ദേശ സ്ഥാപന പ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും കുറ്റപ്പെടുത്തി.
ജനറൽ ആശുപത്രിയുടെ നിയന്ത്രണം ജില്ല പഞ്ചായത്തിനു കൈമാറിയതിനുശേഷം ഇതേവരെ എച്ച്.എം.സി ചേരാനായിട്ടില്ല. ഇതേതുടർന്ന് ദൈനംദിന പ്രവർത്തനം താളംതെറ്റുന്നതായി സൂപ്രണ്ട് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റാണ് നിലവിൽ ജനറൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷ.
യോഗം കൂടാത്തതിന് കാരണം മന്ത്രിയുടെ അസൗകര്യമെന്ന് സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യമന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ വേണം പുനഃസംഘടിപ്പിക്കപ്പെട്ട ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ചേരാനെന്ന് നിർദേശമുണ്ടായിരുന്നതായി പറയുന്നു. ജൂലൈ പത്തിനു ചേർന്ന ജില്ല പഞ്ചായത്ത് യോഗമാണ് എച്ച്.എം.സി പുനഃസംഘടിപ്പിച്ച് തീരുമാനമെടുത്തത്. ജൂലൈ 22നു യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം കാരണം ഉപേക്ഷിച്ചു. എച്ച്.എം.സി ചേർന്നു തീരുമാനമെടുക്കേണ്ട പല വിഷയങ്ങളും തടസപ്പെട്ടതോടെയാണ് ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി മുമ്പാകെ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ വിഷയം കൊണ്ടുവന്നത്.
മന്ത്രിയുടെ സൗകര്യം നോക്കി ഇനി ഇരിക്കേണ്ടതില്ലെന്നും യോഗം കൂടാൻ നോട്ടീസ് നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തയാറാകണമെന്നും ജോൺസൺ ആവശ്യപ്പെട്ടു. ജോൺസൺ പ്രകടിപ്പിച്ച അഭിപ്രായത്തോടു യോഗത്തിൽ പങ്കെടുത്ത മറ്റ് അംഗങ്ങളും യോജിച്ചു. എച്ച് എം സി വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റിനു കത്ത് നൽകാൻ താലൂക്ക് വികസന സമിതി തീരുമാനിച്ചു.
കോന്നി: കോടികൾ മുടക്കി നിർമിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് അപാകത പരിഹരിക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയായ കോന്നി റീച്ചിൽ മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നി അപകടങ്ങൾ വർധിക്കുന്നുണ്ട്. കൂടാതെ കെ.എസ്.ടി.പി കോന്നി റീച്ചിൽ പലയിടത്തും ഓടയുടെ മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഇളകി ക്കിടക്കുകയാണ്. സംസ്ഥാന പാതയിലെ മല്ലശേരിമുക്കിൽ വാഹനാപകടങ്ങൾ പതിവാകുകയാണ്. കെ.എസ്.ടി. പി ഇവിടെ സൂചന ബോർഡ് സ്ഥാപിച്ചതായും മറുപടി നൽകി.
ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി, കലഞ്ഞൂർ അടക്കമുള്ള പഞ്ചായത്തുകളിൽ പൈപ്പ് സ്ഥാപിക്കാൻ റോഡരുകിലെ ഐറിഷ് ഓടകൾ ഇളക്കി മാറ്റിയിട്ട് പുഃനസ്ഥാപിക്കുന്നില്ല. കോന്നി പേരൂർകുളം സ്കൂളിന്റെ നിർമാണം അനന്തമായി നീളുന്നതിൽ നടപടി സ്വീകരിക്കണം. പല പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യക്കാരായ കാട്ടുപന്നികൾ വെടിവെച്ചി കൊല്ലുവാൻ പഞ്ചായത്തുകൾക് അനുമതി നൽകിയിട്ടുണ്ടെന്നും പന്നികളെ സംസ്കരിക്കുമ്പോൾ വനം വകുപ്പിനെ അറിയിച്ചാൽ മതി എന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കോന്നി
കെ.എസ്.ടി.പി നിർമാണവുമായി ബന്ധപ്പെട്ട് മഴവെള്ളം കലഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് ഒഴുകി ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നടപടി വേണമെന്ന് കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജന പ്രതിനിധികളും അടക്കം കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പതിവായി പങ്കെടുക്കാത്തതിനെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി അധ്യക്ഷത വഹിച്ചു. കോന്നി തഹൽസിൽദാർ നസിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.