കോന്നി: മലയോര മേഖലയായ കോന്നിയുടെ വശ്യസൗന്ദര്യം വാനോളമുയർത്തുന്നതാണ് കൊക്കാത്തോട് കാട്ടാത്തിപ്പാറ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറ എന്നും സഞ്ചാരികളുടെ മനസ്സിൽ അത്ഭുതവും കുളിർമയും പകരുന്നു.
ശക്തമായ കാറ്റും വിദൂരക്കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. ജില്ലയിൽ ഏറ്റവും ശക്തമായ കാറ്റുവീശുന്ന ഇടമാണിത്. ഇവിടെ കാറ്റിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്ക് ജില്ല പഞ്ചായത്ത് രൂപം നൽകിയിരുന്നുവെങ്കിലും നടപ്പായില്ല. സഹ്യപർവതനിരയുടെ ഭാഗമായ മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ എന്നിവ ചുറ്റും സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയിൽ നിന്നാൽ തലയുയർത്തി നിൽക്കുന്ന മലനിരകളുടെ അപൂർവ ദൃശ്യമാണ് കാണാനാവുക.
അപൂർവയിനം ഔഷധസസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കലവറകൂടിയാണ്. കൊക്കാത്തോട്ടിൽ എത്തുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നതും മാനം മുട്ടെ തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന കാട്ടാത്തിപ്പാറ തന്നെ.
കരിപ്പാംതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയിൽ എത്തണമെങ്കിൽ കോന്നിയിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിക്കണം. കൊക്കാത്തോട്ടിലെ പ്രധാന ജങ്ഷനിൽനിന്ന് കുത്തനെയുള്ള കയറ്റം കയറി വനത്തിലൂടെ സഞ്ചരിച്ചുവേണം കാട്ടാത്തിപ്പാറയിലെത്താൻ. വനമേഖലയായതിനാൽ വനം വകുപ്പിെൻറ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.
വൻ മരങ്ങളും പച്ചവിരിച്ച പുൽമേടുകളും കല്ലിൽതട്ടി ചിന്നിച്ചിതറിയൊഴുകുന്ന അരുവികളുമെല്ലാം കാട്ടാത്തിപ്പാറയുടെ മനോഹാരിത വർധിപ്പിക്കുന്നു. കാട്ടാത്തിപ്പാറയെയും അതിെൻറ ഐതിഹ്യത്തെയും ചുറ്റിപ്പറ്റിയുള്ള പ്രണയകഥയും മാറ്റ് കൂട്ടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻകാവും കാട്ടാത്തിപ്പാറയിലേക്കുള്ള യാത്രയിൽ നമ്മെ സ്വീകരിക്കുന്നു. ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഇടംപിടിക്കാൻ സാധ്യതയുള്ള കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ മനോഹാരിത ഇനിയും പ്രചാരം നേടേണ്ടതുണ്ട്.
തയാറാക്കിയത്: മനോജ് പുളിവേലിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.